സെപ്തംബർ 14, സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാവത്സര പഞ്ചാഗം പ്രകാരം വിശുദ്ധ സ്ലീബാ പെരുന്നാൾ അഥവാ വി.സ്ലീബായുടെ പുകഴ്ച പെരുന്നാൾ ആണ്.
സുറിയാനി ഓർത്തഡോക്‌സ് സഭയിൽ വിശുദ്ധ സ്ലീബായുടെ മുദ്ര കൂടാതെ ഒരു കർമ്മവും പൂർത്തിയാക്കപ്പെടുന്നില്ല. സഭ അവളുടെ ജീവിതത്തിന്റെയും ആരാധനയുടെയും ഹൃദയത്തിൽ അതിനെ പ്രതിഷ്ഠിക്കുന്നു. അത് നമുക്ക് ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും അടയാളവും പ്രതീകവുമാണ്.
പുരാതന സുറിയാനി പാരമ്പര്യത്തിൽ, വിശുദ്ധ സ്ലീബായുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത പെരുന്നാളുകൾ ഉണ്ടായിരുന്നു, ഒന്ന് രക്ഷാകരമായ സ്ലീബാ കണ്ടെടുത്തതിൻ്റെ ഓർമ്മയായി മെയ് 22 നും മറ്റൊന്ന് സെപ്തംബർ 14 ന് വിശുദ്ധ സ്ലീബായുടെ പുകഴ്ച്ചക്കായിട്ടും. ആധുനിക കാലഘട്ടത്തിൽ സെപ്തംബർ 14 ന് വിശുദ്ധ സഭ സംയുക്തമായി നമ്മുടെ കർത്താവിന്റെ യഥാർത്ഥ രക്ഷാകരമായ കുരിശിന്റെ ചരിത്രപരമായ കണ്ടെത്തലിൻ്റെ ഓർമ്മയും അതിൻ്റെ പുകഴ്ച പെരുന്നാളും ആചരിക്കുന്നു .കുറച്ചു ദശാബ്ദങ്ങൾ മുമ്പ് വരെ പൊതുവായി സെപ്റ്റംബർ 13 വിശുദ്ധ സ്ലീബായുടെ കണ്ടെടുക്കലിൻ്റെ ഓർമ്മയായും സെപ്റ്റംബർ 14 വിശുദ്ധ സ്ലീബായുടെ പുകഴ്ച പെരുന്നാൾ ആയും ആചരിച്ചിരുന്നു .ഇപ്പോൾ ചില സ്ഥലങ്ങളിൽ വി.സ്ലീബാ പെരുന്നാൾ ആ രീതിയിൽ സെപ്റ്റംബർ 13 ന് പ്രാദേശികമായി ആചരിക്കുന്നു .സുറിയാനി സഭയുടെ പഞ്ചാംഗങ്ങളിൽ ഈ രണ്ട് ദിവസവും വിശുദ്ധ സ്ലീബായുടെ നാമം രേഖപ്പെടുത്തിയിരിക്കുന്നുണ്ട് .
കുസ്തന്തിനോസ് ചക്രവർത്തിയുടെ അമ്മയായ മൊർത്ത് ഹെലനി രാജ്ഞിയാണ് വി സ്ലീബാ കണ്ടെത്തിയത്. ചരിത്രത്തിൽ പറയുന്നത് പോലെ തന്റെ മകൻ ക്രിസ്ത്യാനിയായാൽ താൻ യഥാർത്ഥ സ്ലീബാ കണ്ടെത്തുമെന്ന് മൊർത്ത് ഹെലനി പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പ്രതിജ്ഞയെടുത്തു. ദൈവം അവളിൽ പ്രസാദിച്ച് പകലിന്റെ മധ്യത്തിൽ ആകാശത്ത് കുരിശിന്റെ അടയാളം കുസ്തന്തിനോസിന് കാണിച്ചുകൊടുക്കുകയും ചെയ്തു, “ഈ അടയാളത്താൽ നിങ്ങൾ വിജയം വരിക്കും” എന്ന് എഴുതി. അതിനാൽ കുസ്തന്തിനോസ് തന്റെ സൈന്യത്തിന്റെ അടയാളമായി കുരിശിന്റെ ചിഹ്നം എടുക്കുകയും ശത്രുക്കളെ കീഴടക്കുകയും ഒരു ഭക്തനായ ക്രിസ്ത്യാനിയായി മാറുകയും ചെയ്തു. ശ്ഹീമോ നമസ്കാരം വെള്ളിയാഴ്ചയിലെ പ്രഭാത പ്രാർത്ഥനയിൽ “കുസ്തന്തിനോസ് രാജാവ് ആകാശത്തേക്ക് നോക്കി, അത്ഭുതത്തിന്റെ അടയാളമായ കുരിശിന്റെ അടയാളം കണ്ടു; അവൻ ദർശനം അന്വേഷിച്ചപ്പോൾ, അവനോട് ഇങ്ങനെ പറഞ്ഞു: ‘ജീവന്നുള്ള ഈ അടയാളത്താൽ നിങ്ങൾ വിജയം നേടും’.അപ്രകാരം അവൻ വിജയം നേടുകയും ചെയ്തു.
മൊർത്ത് ഹെലനി യരുശലേമിനെ ലക്ഷ്യമാക്കി ഗോഗുൽത്ത, യഥാർത്ഥ കുരിശ്, ക്രിസ്തുവിന്റെ ശവകുടീരം എന്നിവ കണ്ടെത്തുന്നനായി പോയി. ഇവ നിഗുഡമാക്കി വച്ചിരിക്കുകയാണ് എന്ന് അവൾ മനസ്സിലാക്കി. ഹെലനി രാജ്ഞി പ്രദേശവാസികളോട് തനിക്ക് സ്ഥലം നൽകാൻ കൽപ്പിക്കുകയും യൂദാസ് എന്ന യൂഹദനെ പരിചയപ്പെടുകയും ചെയ്യുന്നു, ജറുസലേം യഹൂദ സമൂഹം അവൾ അന്വേഷിക്കുന്ന കാര്യങ്ങളുടെ ഉത്തരം തങ്ങൾക്കറിയാം എന്ന് അവകാശപ്പെട്ടു. ഉത്തരം വെളിപ്പെടുത്താൻ യൂദാസ് ആദ്യം മടിച്ചു, അവന്റെ അനുസരണക്കേടിന്റെ പേരിൽ അവൻ ഒരു കുഴിയിലേക്ക് എറിയപ്പെട്ടു. ദൈവിക കരുതലിന്റെ ഭാഗമായി അവൻ മോചിപ്പിക്കപ്പെടുകയും പിന്നീട് അനുതപിക്കുകയും ചെയ്യുതു. തുടർന്ന് യൂദാസ് ഗോഗുൽത്തയുടെ സ്ഥാനം വെളിപ്പെടുത്തുന്നു. പൊന്തിയോസ് പീലാത്തോസ് ഉത്തരവിട്ട ലിഖിതത്തോടൊപ്പം മൂന്ന് കുരിശുകളും കണ്ടെത്തി. മരണാസന്നനായ വ്യക്തിയുടെ അത്ഭുതകരമായ രോഗശാന്തിയിലൂടെയാണ് യഥാർത്ഥ കുരിശ് തിരിച്ചറിയപ്പെട്ടത്, യൂദാസ് ഒടുവിൽ കുറിയാക്കോസ് എന്ന പേര് സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി മാറി. നമ്മുടെ കർത്താവിന്റെ യഥാർത്ഥ സ്ലീബായുടെ സാന്നിധ്യം മൂലം കൂടുതൽ അത്ഭുതങ്ങൾ സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുറിയാക്കോസിന്റെ സഹായത്തോടെ ഹെലനി രാജ്ഞി നമ്മുടെ കർത്താവിനെ തറയ്ക്കാൻ ഉപയോഗിച്ച ആണികൾ കണ്ടെത്തി, അത് കുസ്തന്തിനോസിൻ്റെ പക്കലേക്ക് കൊടുത്തയച്ചു കുസ്തന്തിനോസ് ചക്രവർത്തി അവ തന്റെ കിരീടത്തിലും കുതിരയുടെ കടിഞ്ഞാണുകളിലും ഉറപ്പിച്ചു. അങ്ങനെ, സഖറിയാ 14:20-ലെ പ്രവചനം നിവൃത്തിയായി.
ഈ പെരുന്നാളിൻ്റെ ആചാരമായി, വിശുദ്ധ കുരിശിൻ്റെ കണ്ടെത്തലിൻ്റെ വാർത്ത എല്ലാഭാഗങ്ങളിലേകും അറിയിക്കുവാൻ വേണ്ടി തീ കൂട്ടുവാൻ തന്റെ സൈനികരോട് ഹെലീന രാജ്ഞി ഉത്തരവിട്ടതിന്റെ സ്മരണയ്ക്കായി തീ കൊളുത്തുന്ന ഒരു പാരമ്പര്യമുണ്ട്. “യരുശലേമിലേക്കുള്ള യാത്രാമധ്യേ, അവൾ തന്റെ സേവകരെ ഒരോ പർവ്വതങ്ങളിലും നിർദ്ദേശങ്ങൾ നൽകി നിറുത്തി . കുരിശ് കണ്ടെടുത്തപ്പോൾ അടുത്തുള്ള ഒരു പർവതത്തിന് മുകളിൽ തീ കത്തിക്കാൻ അവൾ തന്റെ സേവകരോട് ആജ്ഞാപിച്ചു. ഈ തീ ദർശിച്ച അടുത്ത പർവ്വതങ്ങളിൽ തങ്ങിയ സേവകർ മറ്റൊരു തീ കത്തിച്ചു .ഈ രീതിയിൽ വിശുദ്ധ സ്ലീബാ കണ്ടെത്തിയ വാർത്ത തലസ്ഥാനമായ കുസ്തന്തിനോസ്പോലിസിൽ എത്തി. ഈ പെരുന്നാളിന്റെ തലേന്ന് ദൈവാലയത്തിൽ ഒത്തുചേർന്ന് വിശ്വാസികൾ തീ കൂട്ടുകയും അതിൽ നിന്നും പകർന്നു മെഴുകുതിരികൾ കത്തിച്ചു ആഘോഷമായി പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു(മലങ്കരയിൽ ഈ രീതി ഇല്ലെങ്കിലും സുറിയാനിക്കാരായ നമ്മുടെ സഭാംഗങ്ങൾ ഇത് ചെയ്യുന്നുണ്ട്). പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയും വിശുദ്ധ സ്ലീബാ ഏന്തിയുള്ള പ്രദക്ഷിണവും നാലു ഭാഗങ്ങളിലേക്കുമുള്ള സ്ലീബാ ആഘോഷവും ആരാധനക്രമപരമായി സഭയിൽ ഉണ്ട്.
യഥാർഥ സ്ലീബായുടെ ഭാഗങ്ങൾ വളരെ അമൂല്യമായി സുറിയാനി സഭ കണക്കാക്കുന്നു, കൂടാതെ നാലാം നൂറ്റാണ്ട് മുതൽ വിവിധ ആചാര്യന്മാർ അവരുടെ കൈസ്ലീബായിലും പടിമാലയിലും ആയതിൻ്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നു. വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യെരുശലേം പാത്രിയർക്കീസ് ആയിരുന്ന മോർ ഗ്രിഗോറിയസ് അബ്ദുൽ ജലീൽ ബാവാ തൻ്റെ കൈ സ്ലീബായിൽ ഇപ്രകാരം വിശുദ്ധ സ്ലീബായുടെ അംശം സൂക്ഷിച്ചിരുന്നു അതുപോലെ പല വിശുദ്ധരുടെയും കൈവശം യഥാർത്ഥ കുരിശിന്റെ ഭാഗങ്ങൾ ഉണ്ടായിരുന്നു ഉദാഹരണത്തിന് തുറബ്ദീനിലെ വിശുദ്ധ സ്ലീബായുടെ ദയറായിൽ കബറടക്കപ്പെട്ട താപസശ്രേഷ്ഠനായ മോർ ആഹോ, അദ്ദേഹം വഴിയാണ് പ്രധാനമായും വിശുദ്ധ സ്ലീബായുടെ അംശം സുറിയാനി സഭയ്ക്ക് ലഭിക്കുന്നത്. അദ്ദേഹത്തെ സംസ്കരിച്ചപ്പോളും വി.സ്ലീബായുടെ ഒരംശം കബറിൽ നിക്ഷേപിച്ചതായി ചരിത്രം പറയുന്നു. മഞ്ഞനിക്കര കാലം ചെയ്ത ഭാഗ്യവാനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവാ തൻറെ പടിമാലയിലും വിശുദ്ധ സ്ലീബായുടെ അംശം സൂക്ഷിച്ചിരുന്നു.ഇത് ബാവായുടെ മലങ്കരയിലെ സന്തത സഹചാരി ആയിരുന്ന ദിവംഗതനായ വന്ദ്യ കെ.റ്റി സഖറിയ കോറെപ്പിസ്ക്കോപ്പാ(ചെമ്പിലച്ചൻ,ആരക്കുന്നം)വഴി മലങ്കരയിലെ സുറിയാനി സഭയ്ക്ക് സ്വന്തം ആവുകയും ചെയ്തു മലങ്കരയിൽ കൊച്ചി ഭദ്രാസനത്തിലെ കുലയിറ്റിക്കര സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, തുരുത്തിക്കര മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പൽ, അങ്കമാലി ഭദ്രാസനത്തിലെ ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിൽ വിശുദ്ധ സ്ലീബായുടെ അംശം സ്ഥാപിച്ചിട്ടുണ്ട്
രക്ഷാകരമായ വിശുദ്ധ സ്ലീബായുടെ തിരുശേഷിപ്പ് സൂക്ഷിക്കാൻ മൊർത്ത് ഹെലനി രാജ്ഞി കർത്താവിൻ്റെ വിശുദ്ധ കബറിടത്തിനു മുകളിൽ ഒരു പള്ളി പണിതു. 9 വർഷത്തിന് ശേഷം സെപ്റ്റംബർ 13 ന് ആ പള്ളി കൂദാശ ചെയ്തു. വിശുദ്ധ സ്ലീബായുടെ തിരുശേഷിപ്പ് അടുത്ത ദിവസം 335 സെപ്തംബർ 14 ന് വിശ്വാസികൾക്ക് കാണിച്ചു കൊടുത്ത ശേഷം
യെരുശലേമിലെ മെത്രാപ്പോലീത്ത (പാത്രിയർക്കിസ്) (പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധികാരത്തിൻ കീഴിലായിരുന്നു) മോർ മക്കാറിയോസ് വിശുദ്ധ സ്ലീബാ ഉയർന്ന വേദിയിലേക്ക് എടുത്ത് , എല്ലാ വിശ്വാസികൾക്കും കാണത്തക്കവിധം പ്രതിഷ്ഠിച്ചു. “കർത്താവേ, കരുണയുണ്ടാകേണമേ” എന്ന് ആവർത്തിച്ച് നിലവിളിച്ചുകൊണ്ട് ആളുകൾ മുട്ടുകുത്തി കുരിശിന് മുന്നിൽ വണങ്ങി. അങ്ങനെ പൗരസ്ത്യ സഭകൾക്കിടയിൽ ആദ്യകാലങ്ങളിൽ സെപ്റ്റംബർ 14 വിശുദ്ധ സ്ലീബായുടെ പുകഴ്ച പെരുന്നാൾ ആയും പിന്നീട് വിശുദ്ധ സ്ലീബായുടെ കണ്ടെത്തലിന്റെ അനുസ്മരണം കൂടെയായി പരിണമിച്ചു
മലങ്കരയിൽ അങ്കമാലി പ്രദേശത്ത് വിശിഷ്യാ അകപറമ്പ് മോർ സാബോർ-മോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രലിലും, അങ്കമാലി സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിലും, പീച്ചനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലും മറ്റു സമീപ ദൈവാലയങ്ങളിലും, ഈ പെരുന്നാളിൽ ഭക്തർക്ക് നൽകുന്ന പ്രശസ്തവും അനുഗ്രഹീതമായ വഴിപാടിനെ പഞ്ചസാരമണ്ട എന്ന് വിളിക്കുന്നു. വളരെ നേരത്തെ അരിമാവ് കുഴച്ചു ചുട്ടെടുക്കുന്ന മണ്ട വായുകടക്കാതെ, കേടുകൂടാതെ സൂക്ഷിച്ചു സ്ലീബാ പെരുന്നാളിനോട് ചേർന്ന് പൊടിച്ചെടുത്ത് നാളികേരം,ശർക്കര സുഗന്ധവ്യജ്ഞനങ്ങൾ ചേർത്ത് സ്ലീബാ പെരുന്നാളിൻ്റെ വിശുദ്ധ കുർബാനാനന്തരം നേർച്ച നൽകുന്നു. അതുപോലെ മലങ്കരയിൽ വിവിധ പള്ളികളിൽ അവൽ വിളയിച്ചത്,വെമ്പാച്ചോർ, പാച്ചോർ, തമുക്ക്, നെയ്യപ്പം തുടങ്ങിയ നേർച്ചകൾ ഈ പെരുന്നാളിൽ നൽക്കുന്നു.ഈ നേർച്ചകൾ ഉണ്ടാക്കുവാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന അരിക്കും പ്രത്യേകത ഉണ്ട്. മേടമാസത്തിൽ പത്താമുദയത്തിന് മുൻപ് വിതയ്ക്കുന്ന നെൽവിത്തുകൾ ചിങ്ങമാസത്തിൽ വിളവെടുക്കും (വിരിപ്പുകൃഷി) ഈ വിളവിൽ നിന്നും എടുക്കുന്ന പുതിയ അരി കൊണ്ടാണ് മലങ്കരയിൽ ഈ നേർച്ചകൾ ഉണ്ടാക്കിയിരുന്നത്. അതുമൂലം പ്രാദേശികമായി ഇതിനെ ‘പുത്തരിപ്പെരുന്നാൾ എന്ന് കൂടെ അറിയപ്പെടുന്നു’.മലങ്കരയിൽ ചില പ്രദേശങ്ങളിൽ ഈ ദിവസം ആദ്യഫലശേഖരണവും നടത്തുന്നു.
സുറിയാനി സഭ അതിശ്രേഷ്ഠതയോടെ ആണ് ഈ പെരുന്നാളിനെ ആദിമുതൽ കരുതിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ട് വരെ സഭയുടെ ആസ്ഥാനമായിരുന്ന തുർക്കിയിലെ കുർക്കുമാ ദയറായിൽ വിശുദ്ധ സ്ലീബാ പെരുന്നാളിന് ഒരുക്കമായി എട്ട് ദിവസം നോമ്പാചരിച്ചിരുന്നത് ഇതിന് തെളിവാണ്
ദൈവപുത്രൻ്റെ രക്ഷാകരമായ വിശുദ്ധ സ്ലീബാ നമ്മുക്കും നമ്മുടെ സഭയ്ക്കും ദേശത്തിനും കാവലായിരിക്കട്ടെ ആമ്മീൻ.
ലേഖിക: ശ്രീമതി ജിബി പോൾ കൂരൻ
Super