ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ സെപ്തംബർ 1 മുതൽ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ 8 ദിവസത്തെ നോമ്പ് ആരംഭിച്ച് ദൈവമാതാവിൻ്റെ ജനനപെരുന്നാൾ ദിവസമായ സെപ്തംബർ 8ന് സമാപിക്കും.സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഒരു കാനോനിക നോമ്പല്ല ഇത് എങ്കിലും ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിൻ്റെ ജനനത്തോടനുബന്ധിച്ചുള്ള ഈ ഐച്ഛിക ഉപവാസം ഭക്തിയിലും ഭക്തിയിലും ആചരിക്കുന്നു. നിർബന്ധിത നോമ്പല്ലെങ്കിലും, മോർ ഗ്രിഗോറിയോസ് യൂഹാനോൻ ബാർ എബ്രോയോയുടെ ചരിത്രത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, ആറാം നൂറ്റാണ്ടിൽ ഇറാഖിലെ ബസ്രയിൽ നിന്ന് ഉത്ഭവിച്ച ചരിത്രപരമായ ഒരു പിൻബലം ഈ നോമ്പിന് ഉണ്ട്.
സ്ത്രീകളുടെ നോമ്പ് അഥവാ കന്യകമാരുടെ നോമ്പ് എന്ന പേരിൽ അറിയപ്പെടുന്ന രണ്ടു നോമ്പുകൾ സഭാചരിത്രത്തിൽ ദർശിക്കാൻ സാധിക്കും. ഒന്ന് പേർഷ്യയിലെ ചക്രവർത്തിയായിരുന്ന കെസ്രുഅബ്രവിസിന്റെ കാലത്തും (590 A.D) മറ്റൊന്ന് ദമസ്ക്കോസിലെ മുസ്ലീം കാലിഫായിരുന്ന അബ്ദുൾ മാലിക്ക് ബാർ മർവാൻ എന്നയാളിന്റെ കാല ത്തും (A.D 685) ആയിരുന്നു.
രണ്ടു സംഭവങ്ങളും ഒരേ രീതിയിലും ഒരേ സ്ഥലത്തും ആയി രുന്നു. ഒരു പക്ഷെ രണ്ടും ഒന്നായിരിക്കണം. ക്രെസു രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന നോമ്പ് അബ്ദുൾ മാലിക്കിന്റെ കാലത്ത് പുതുക്കപ്പെട്ടു എന്നു ചരിത്രം പറയുന്നു. (ബാർ എബ്രോയോ) ഏതായാലും ഈ നോമ്പ് പൗരസ്ത്യർക്ക് അതായത് ഇറാഖിൽ താമസിക്കുന്നവർക്ക് മാത്രം ആയിരുന്നു എന്നുള്ളത് സ്മരണീയമാണ്. ഈ നോമ്പാചരണത്തിന് കാരണമായിത്തീർന്ന സംഭവം ഏകദേശം താഴെപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം.
“ഹെയിറാ അല്ലെങ്കിൽ “ഹിർസ്റ്റോ’ എന്നൊരു പട്ടണം ഇപ്പോൾ ബസ്രാ എന്നറിയപ്പെടുന്ന പട്ടണത്തിനടുത്ത് ഉണ്ടായിരുന്നു. ആ പട്ടണവാസികൾ ക്രിസ്ത്യാനികൾ ആയിരുന്നു. അവി ടുത്തെ സ്ത്രീകൾ വളരെ സുന്ദരികളായിരുന്നു എന്ന് രാജാവിന് അറിവു കിട്ടി. അവിടെയുള്ള കന്യകമാരെ എല്ലാവരെയും പിടിച്ച് രാജാവിന്റെ അടുക്കലേക്ക് അയയ്ക്കണമെന്ന് നാടുവാഴിക്ക് കല്പന കിട്ടി. അവിടുത്തെ ക്രിസ്ത്യാനികൾ പള്ളിയിൽ കൂടുകയും ദൈവതിരുമുമ്പാകെ ഉപവസിച്ച് പ്രാർത്ഥിക്കുകയും – ആ കോപം അവരിൽ നിന്നും വിലക്കുവാനായി വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിക്കുകയും ചെയ്തു. അവസാന ദിവസത്തിൽ വി. കുർബ്ബാന സമയത്ത് ചക്രവർത്തി മരിച്ചു എന്ന് അവിടുത്തെ എപ്പിസ്കോപ്പായ്ക്ക് വെളിപാടുണ്ടായി. പിറ്റേദിവസം ഈ വാർത്ത സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെ സത്യവിശ്വാസികളായ ജനങ്ങൾ രാജകോപത്തിൽ നിന്നും രക്ഷപ്പെട്ടു. ഇങ്ങനെ കിഴക്കൻ ഭാഗങ്ങളിൽ ആ നോമ്പ് വിശ്വാസികൾ തുടർച്ചയായി ആചരിക്കുവാൻ തുടങ്ങി. ഇതാണ് ചരിത്രവും പാരമ്പര്യവും. എന്നാൽ ഹിർത്തോ പട്ടണം നശിക്കുകയും ക്രിസ്ത്യാനികൾ സംഹരിക്കപ്പെടുകയും ചെയ്തപ്പോൾ ആ നോമ്പ് നിന്നു പോയിരിക്കണം. എന്നാൽ ഹിർത്തോയിൽ നിന്നുള്ള വിശുദ്ധരുടെ പേരുകൾ സുറിയാനി സഭയുടെ ആരാധനക്രമ കലണ്ടറുകളിൽ കാണുന്നത് പ്രബലമായ ഒരു തെളിവാണ്.സെപ്തംബർ മാസം 8-ാം തീയതി ദൈവമാതാവിന്റെ ജനനപെരുന്നാളും സെപ്തംബർ 9 അവളുടെ മാതാപിതാക്കളുടെ ഓർമ്മയും വി. സഭ കാനോനികമായി ആചരിക്കുന്നുണ്ട് .മേൽ പറഞ്ഞ ബസ്രയിലെ സംഭവവും ഇപ്പോഴത്തെ നോമ്പും തമ്മിലുള്ള ബന്ധം ഇതാണെങ്കിൽ ഇൻഡ്യയിൽ ഈ ആചരണം എങ്ങിനെ വന്നു എന്നറിയേണ്ടതാണ്. 3-ാം നൂറ്റാണ്ടിൽ ബസ്രായിലെ എപ്പിസ്ക്കോപ്പാ ആയിരുന്ന വി.ദാവീദ് തന്റെ സിംഹാസനം ഉപേക്ഷിച്ചു ഇൻഡ്യയിൽ വരികയും സുവിശേഷം അറിയിക്കുകയും ചെയ്തു എന്ന് ചരിത്രം ഉണ്ട്. ഈ തെളിവുകൾ പൂർവ്വീകമായി മലങ്കരയും ശീമയും ആയുള്ള ദൃഢബന്ധത്തിന്റെ ഒരു തെളിവാണ്. 4-ാം നൂറ്റാണ്ടിൽ ഉറാഹായിൽനിന്ന് ക്നാനായക്കാരും, 8-ാം നൂറ്റാണ്ടിൽ ഇറാക്കിൽ നിന്ന് വേറൊരു സംഘവും വന്നിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഈ രണ്ടു സംഘങ്ങളോ ഇവരുമായി ബന്ധപ്പെട്ട് ഇവിടെ വന്നവർ വഴിയായിട്ടോ ആയിരിക്കാം ഈ നോമ്പ് മലങ്കരയിൽ പ്രചാരത്തിൽ ആയത് എന്ന് അനുമാനിക്കാം സഭയുടെ കാനോനിക നോമ്പുകളിൽ പെടാത്തതുകൊണ്ട് അതിന്റെ ആചരണം പൊതുവായിരുന്നില്ല. ഏതായാലും ആ യുവതികളുടെ ചരിത്രവും സ്ത്രീക ളുടെ ഇടയിലുള്ള ആചരണവും തമ്മിൽ പൊരുത്തമുണ്ടെന്നുള്ള തിൽ സംശയമില്ല. എന്നിരുന്നാലും പരിശുദ്ധ സഭ പൊതുവിനടുത്തതും വ്യക്തിപരവും പ്രാദേശികമായതുമായ ആയ നോമ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് കുർക്കുമാ ദയറായിൽ വി.സ്ലീബാ പെരുന്നാളിന് മുന്നോടിആയി എട്ടു ദിവസവും ദൈവലയങ്ങളിൽ അതിൻ്റെ കാവൽപിതാക്കന്മാരുടെയോ ഓർമ്മ ആചരിക്കുന്നതിന് മുന്നോടി ആയും പുതിയ ദൈവാലയകൂദാശക്ക് ഒരുക്കമായി ഇടവക മുഴുവനും നോമ്പ് എടുക്കുന്നത് ഇതിന് ഉത്തമ ഉദ്ദാഹരണം ആണ് . പിന്നെ ഈ നോമ്പിൻ്റെ ദൈർഘ്യം ആരംഭത്തിൽ എട്ട് ദിവസമായിരുന്നോ എന്നതും പഠനവിഷയമാക്കേണ്ട സംഗതിയാണ്
ഈ നോമ്പ് ദൈവമാതാവിന്റെ ജനനത്തോടുകൂടെ അവസാനിക്കുന്നതുകൊണ്ടും ദൈവമാതൃജനനത്തെക്കുറിച്ച് ചില തെറ്റിധാരണകൾ ഉള്ളതുകൊണ്ടും അതിനെ സംബന്ധിച്ച് ഒരു വാക്ക് പറഞ്ഞു കൊള്ളട്ടെ. മോർ യൂയാക്കീമിൽനിന്നും മൊർത്ത് ഹന്നായിൽ നിന്നും ഉള്ള വിശുദ്ധ ദൈവമാതാവിൻ്റെ ജനനപെരുന്നാൾ ആചരിക്കുന്നതുകൊണ്ട്, വി.സഭ അമലോത്ഭവം എന്ന വേദവിപരീതം അംഗീകരിക്കുന്നു എന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ ഈ പെരുന്നാൾ സഭ ആചരിക്കുന്നത്. വിശുദ്ധ ദൈവമാതാവിന്റെ ജനനത്തിന്റെ ബഹുമാനത്തിനായിട്ടാണ് കാരണം ഉൽപ്പത്തി 3:15ലും ഏശായ 7:14 ലും പ്രസ്താവിക്കപ്പെട്ടിരിക്കുന്ന ആ സ്ത്രീ ദൈവത്താൽ ആദിയിലെ തിരഞ്ഞെടുക്കപ്പെട്ടവൾ ആയിരുന്നു. വേറൊരു വാദം ചിലർ ഉയർത്തുന്നുണ്ട്. ദൈവമാതാവായ മറിയാം ജന്മപാപത്തിൽ ജനിച്ചു എങ്കിൽ ‘പാപി’കൾക്കല്ലേ സുറി യാനി സഭ പെരുനാൾ ആചരിക്കുന്നത് എന്നുള്ളതാണ്. എന്നാൽ ഇങ്ങനെയുള്ള പെരുനാളുകൾ ഭാവിയേയാണ് സ്പർശിക്കുന്നത്. ഈ അടിസ്ഥാനത്തിൽ തന്നെ ജൂൺ 24-നു യൂഹാനോൻ മാംദോനോയുടെ ജനനപ്പെരുനാൾ ആചരിച്ചുവരുന്നുണ്ട്. വിശുദ്ധ കന്യകമറിയാമിൽ നിന്നാണ് നമ്മുടെ കർത്താവും ദൈവവുമായ യേശു മ്ശിഹാ ശരീരം ധരിച്ചത് അതുപോലെ അവനെ ലോകത്തിന് വെളിപ്പെടുത്തിയത് മോർ യൂഹാനോൻ മാംദോനോ ആണ്. അതുകൊണ്ടാണ് സുറിയാനി സഭ വിശുദ്ധ കുർബാന പരസ്യമായി ആരംഭിക്കുമ്പോൾ ഈ രണ്ടുപേരുടെയും മധ്യസ്ഥതയിൽ അഭയപ്പെടുന്നത് കൂടാതെ യൽദോ പെരുന്നാളിനോടും ദനഹാ പെരുന്നാളിനോടും ചേർന്ന് ഇവരുടെ പുകഴ്ച പെരുന്നാൾ കൊണ്ടാടുന്നതും
ബസ്രയിലെ ഹിർത്തോയിലെ പോലെ തന്നെ കൊടങ്ങല്ലൂരിലെ തദ്ദേശീയരായ ക്രിസ്ത്യാനികൾ ടിപ്പുവിൻ്റെ സൈന്യത്താൽ പീഡിപ്പിക്കപ്പെട്ട സമയത്തും മലങ്കരയിൽ ഈ നോമ്പിന് പ്രാധാന്യം ലഭിച്ചു. മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് ക്രിസ്ത്യാനികൾ തങ്ങളുടെ സ്ത്രീകളെ അധിനിവേശക്കാരുടെ കൈകളിൽ നിന്ന് ദൈവം സംരക്ഷിക്കുന്നതിനായി ഉപവാസം ആചരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ സമയത്ത്, സ്ത്രീകൾ ഉച്ചവരെ പ്രാർത്ഥനയിലും ധ്യാനത്തിലും പള്ളികളിൽ താമസിച്ചിരുന്നു.
സന്താനസൗഭാഗ്യമില്ലാത്തതിൻ്റെ പേരിൽ വിശുദ്ധ ദൈവമാതാവിൻ്റെ പിതാവായ മോർ യൂയാക്കീം ദൈവാലയത്തിൽ വഴിപാടുകൾ അർപ്പിക്കുന്നതിൽ നിന്നു വിലക്കപ്പെട്ടതിൽ മനംനൊത്ത് നാൽപത് ദിവസം ഉപവസിച്ച് പ്രാർത്ഥിച്ച് ജാഗരിച്ചതും ഈ കാലയളവിൽ ധ്യാനവിഷയമാണ്
വിശുദ്ധ സഭാ പിതാക്കന്മാരും സഭയുടെ സുന്നഹദോസുകളും കാനോനുകളിൽ ക്രമീകരിച്ചിരിക്കുന്ന നിർബന്ധിത നോമ്പുകൾ ഒരിക്കലും അവഗണിക്കരുത്.അവ അവഗണിച്ചു ഈ നോമ്പിന് പ്രാധാന്യം നൽക്കുന്നത് തെറ്റായ കീഴ്വഴക്കം ആണ്.ശൂനോയോ നോമ്പ് ആചരിക്കാതെ എട്ട് നോമ്പ് ആചരിക്കുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല
മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആണ് ഈ നോമ്പ് ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത് .ക്നാനായ ഭദ്രാസനത്തിലെ കല്ലിശ്ശേരി വിശുദ്ധ മർത്തമറിയം വലിയ പള്ളിയിൽ എട്ടു നോമ്പും മൂന്ന് നോമ്പും വളരെ പ്രാധന്യത്തോടെ ആചരിക്കുന്നത് ക്നാനായ സമൂഹം ഈ നോമ്പുകളെ മലങ്കരയിൽ സുപരിചിതമാക്കിയതിന് തെളിവാണ്.
ഈ നൂറ്റാണ്ടിൽ എട്ടുനോമ്പിനെ കൂടുതൽ ധ്യാനാത്മകമാക്കാൻ പുണ്യശ്ലോകനായ പെരുമ്പിള്ളി മോർ ഗ്രീഗോറിയോസ് തിരുമേനിയും,വന്ദ്യ ചിങ്ങവനം തകിടിയിൽ യാക്കോബ് കശീശായും,വന്ദ്യ.കുര്യൻ കണിയാമ്പറമ്പിൽ ആർച്ച് കോറെപ്പിസ്ക്കോപ്പായും പ്രധാനമായും സുറിയാനിയിൽ നിന്നും പരിഭാഷപ്പെടുത്തിയതും അല്ലാതെ രചിചതുമായ ഗീതങ്ങളും പ്രാർത്ഥനകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ നോമ്പിൻ്റെ ദിനങ്ങളിൽ വിശ്വാസികൾ പ്രത്യേകിച്ച് സ്ത്രീകൾ ദൈവാലയത്തിൽ പ്രാർത്ഥനയോടെ കൂടുതൽ സമയം ചിലവഴിക്കുന്നു.വലിയനോമ്പിലെയോ നിനവേ നോമ്പിലെയോ പോലെ ഉപവാസം ഇല്ലെങ്കിലും സസ്യാഹാരം മാത്രം ഭക്ഷിക്കുന്നു.
വിശുദ്ധ ദൈവമാതാവിൻ്റെ ജീവിതത്തോട് താതാത്മ്യം പ്രാപിച്ചു നമുക്ക് ഈ ദിവസങ്ങൾ കൂടുതൽ ആത്മീയമായി ഒരുങ്ങുവാൻ പ്രയോജനപ്പെടുത്താം
റഫറൻസ്:
- Bar Hebraeus “The Ecclesiastical Chronicle” (English Translation by: David Wilmshurst)
- ഭാഗ്യനിക്ഷേപം (എട്ട് നോമ്പ് ധ്യാനമാലിക):മോർ ക്രിസോസ്റ്റമോസ് മോശ സലാമ
- റാബാൻ യാക്കൂബ് സ്ലീബാ ബർകൈറൂൻ തയ്യാറാക്കിയ സുറിയാനി ആരാധനക്രമ പഞ്ചാംഗം
ലേഖകൻ: ഷെവലിയാർ തോമസ് ഡാനിയേൽ കരിമ്പനക്കൽ