കര്‍ത്താവിന്‍റെ തേജസ്ക്കരണ പെരുന്നാൾ / രൂപാന്തരപ്പെരുന്നാള്‍ (അഥവാ കൂടാരപ്പെരുന്നാൾ)

  1. വി.സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളുകളില്‍ ഒന്നാണ് കൂടാരപ്പെരുന്നാള്‍. സ്ഥിരതീയതിയായ ആഗസ്റ്റ് 6-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. കര്‍ത്താവിന്‍റെ മനുഷ്യാവതാര സംഭവത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ് മറുരൂപമലയില്‍ വെച്ചുണ്ടായ തന്‍റെ രൂപാന്തരവും തേജസ്ക്കരണവും. ക്രിസ്തു മഹത്വീകരിക്കപ്പെട്ട ഈ ദിവസത്തെപ്പറ്റി പഠിപ്പിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.
  2. യഹൂദന്മാരുടെ ഉത്സവമായ കൂടാ പെരുന്നാളാണ് (Sukkot-Feast of Tabernacle or Feast of Booths) പഴയനിയമ പശ്ചാത്തലം. യിസ്രായേല്‍ ജനം മരുഭൂമിയില്‍ കൂടാരവാസികളായി നാല്പതു വര്‍ഷം കഴിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായിരുന്നു ഈ അവസരം. വീടിന്‍റെ മട്ടുപ്പാവില്‍ കമ്പുകളും, കുരുത്തോലകളും ഉപയോഗിച്ച് കുടിലുകള്‍ ഉണ്ടാക്കുകയും ഒരാഴ്ചക്കാലം അതില്‍ താമസിക്കുകയും ചെയ്യും. ഇത് സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും സമയമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടമായി വന്ന് യെരുശലേം പട്ടണത്തില്‍ കടന്ന് സങ്കീര്‍ത്തനവാക്യങ്ങള്‍ ആലപിച്ച് കൊണ്ട് ഘോഷയാത്രയായി ദേവാലയത്തിലേക്ക് നീങ്ങുന്നു. വീണ, കിന്നരം, കൈത്താളം മുതലായ വാദ്യഘോഷങ്ങളോടെയാണ് ജനങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. ആവ. 16:13-16, ലേവ്യ 23:39-44, നെഹ 8:13-18, പുറ. 23:16, 34:22 മുതലായ ഭാഗങ്ങളില്‍ ഇക്കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.
  3. തിശ്രിമാസം അഥവാ എഥാനിം മാസത്തില്‍ (സെപ്തം-ഒക്ടോബര്‍) ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഈ പെരുന്നാളിനെ കായ്കനി പെരുന്നാള്‍ എന്നും വിളിക്കാറുണ്ട്. കുട്ടകളില്‍ ധാന്യങ്ങളും ഫലങ്ങളും വഹിച്ചുകൊണ്ടാണ് ദേവാലയത്തിലേക്കുള്ള യാത്ര. പെരുന്നാള്‍ തിശ്രിമാസം 14-ാം തീയതി ആരംഭിച്ച് 21-ാം തീയതി സമാപിക്കുന്നു.

    ജനങ്ങള്‍ എല്ലാവരും ധാന്യങ്ങളും ഫലങ്ങളും ശേഖരിച്ച് കൂടിവരുന്നത് കൊണ്ട് ഇതിനെ കൂടിവരവിന്റെ പെരുന്നാൾ അഥവാ Feast of Ingathering എന്നും സംബോധന ചെയ്തു കാണുന്നു.
  4. യോശുവയുടെ കാലം മുതല്‍ പ്രവാസത്തില്‍ നിന്നും മടങ്ങി വരുന്നതുവരെ ഈ പെരുന്നാള്‍ ആചരിച്ചിരുന്നില്ല. (നെഹ 8:17) കൂടാരപ്പെരുന്നാളോടെ യഹൂദന്മാരുടെ ഒരു വര്‍ഷത്തെ പെരുന്നാളുകള്‍ അവസാനിക്കുന്നു.
  5. എന്നാല്‍ പുതിയ നിയമസഭയുടെ കൂടാരുപെരുന്നാളിന് യഹൂദന്മാരുടെ മേല്‍പ്പറഞ്ഞ പെരുന്നാളുമായി വേദശാസ്ത്രപരമായി വലിയ ബന്ധമൊന്നുമില്ല. മത്തായി 17:1-8 വരെയും മര്‍ക്കോസ് 9:2-8 വരെയും ലൂക്കോസ് 9:28-36 വരെയും രേഖപ്പെടുത്തിയിരിക്കുന്ന കര്‍ത്താവിന്‍റെ രൂപാന്തരമാണ് വി.സഭയില്‍ ആചരിക്കപ്പെടുന്ന കൂടാരപ്പെരുന്നാളിന്‍റെ പശ്ചാത്തലം. രൂപാന്തരപ്പെരുന്നാള്‍ അഥവാ തേജസ്ക്കരണപ്പെരുന്നാള്‍ ( Feast of Transfiguration അഥവാ Feast of of Glorification / Exaltation ) എന്ന പേരാണ് കൂടുതല്‍ യുക്തം.. ചെറിയ ദനഹാ ( Minor Epiphani ) എന്നും ഈ ദിവസം വിശേഷിപ്പിക്കപ്പെടാറുണ്ട്.
  6. പത്രോസ് ശ്ലീഹാ യേശുവിനെ “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാകുന്നു” എന്നു (മത്തായി 16:16) സാക്ഷ്യപ്പെടുത്തിയപ്പോള്‍ യേശു അവനോട് “നീ ഭാഗ്യവാന്‍, ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ ഇത് നിനക്ക് വെളിപ്പെടുത്തിയത് ” എന്ന് അരുളിചെയ്തു. പിന്നീടുള്ള സംഭാഷണത്തില്‍ തനിക്കു യെരുശലേമില്‍ വച്ചു മൂപ്പന്മാരും പുരോഹിതന്മാരും ശാസ്ത്രിമാരും മുഖാന്തിരം പലതും സഹിക്കേണ്ടി വരുമെന്നും അവസാനം താന്‍ കൊല്ലപ്പെടുമെന്നും വെളിപ്പെടുത്തി. മൂന്നാം നാള്‍ ഉണ്ടാകുന്ന തന്‍റെ പുനരുത്ഥാനം, തന്‍റെ രണ്ടാം വരവ്, ന്യായവിധി, സ്വര്‍ഗ്ഗരാജ്യം മുതലായ മര്‍മ്മ പ്രധാനങ്ങളായ വിഷയങ്ങളും ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് സൂചിപ്പിച്ചു (മത്തായി 16:16-28)
  7. ഈ സംഭവങ്ങള്‍ കഴിഞ്ഞ് ആറാം ദിവസമായപ്പോള്‍ യേശു തന്‍റെ വിശ്വസ്ത ശിഷ്യരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കൂട്ടികൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. ഈ മല താബോര്‍മലയാണെന്ന് കരുതപ്പെടുന്നു. അവരുടെ മുമ്പാകെ യേശു രൂപാന്തരപ്പെട്ടു. അവന്‍റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു. അവന്‍റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായിത്തീര്‍ന്നു. മോശയും ഏലിയാവും അവനോടു സംഭാഷണം നടത്തുന്നതായി അവര്‍ ദര്‍ശിച്ചു. സ്വതവേ എടുത്തുചാട്ടക്കാരനായ പത്രോസ് യേശുവിനോട് റബ്ബീ, നമുക്ക് ഇവിടെ ഇരിക്കുന്നത് നല്ലത്. നിനക്കു സമ്മതമെങ്കില്‍ മൂന്നു കുടില്‍ ഉണ്ടാക്കാം. ഒന്ന് നിനക്കും ഒന്നു മോശയ്ക്കും ഒന്നു ഏലിയാവിനും എന്നുപറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രകാശമുള്ളൊരു മേഘത്തില്‍ നിന്ന് “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവനു ചെവികൊടുപ്പിന്‍” എന്നുള്ള ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാർ അതുകേട്ട് ഭയവിഹ്വലരായി നിലത്തു കവിണ്ണു വീണു. യേശു അടുത്തു ചെന്ന് അവരെ തൊട്ടു, “എഴുന്നേല്‍പ്പിന്‍ ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അവര്‍ തലപൊക്കിയാറെ യേശുവിനെ അല്ലാതെ വേറെ ആരേയും കണ്ടില്ല.

    അവന്‍ മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ ഈ ദര്‍ശനം ആരോടും പറയരുത് എന്നു കല്‍പിച്ചു. യോഹന്നാന്‍ സ്നാപകന്‍ മാനസാന്തരത്തിന്‍റെ സുവിശേഷവും ദൈവരാജ്യവും അവരോടു പ്രസംഗിച്ചുവെങ്കിലും യഹൂദപുരോഹിതന്മാരും പ്രമാണിമാരും അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതെല്ലാം അവനോടു ചെയ്തു അവനെ തള്ളികളഞ്ഞു എന്നും മനുഷ്യപുത്രനോടും അവര്‍ ഇപ്രകാരം ചെയ്യുന്ന നാഴിക വരുന്നു എന്നും യേശു ശിഷ്യന്മാരെ ഓര്‍മ്മിപ്പിച്ചു.
  8. ക്രിസ്തുവിന്‍റെ തേജസ്ക്കരണം പീഢാനുഭവത്തിന് അവനെത്തന്നെ ഒരുക്കുന്ന ഒരു സംഭവമായി കണക്കാക്കാം. ദനഹാ പെരുന്നാളില്‍ പിതാവായ ദൈവം പുത്രന്‍ തമ്പുരാനെ മഹത്വീകരിച്ച് പരസ്യശുശ്രൂഷക്ക് പ്രാപ്തനാക്കുന്നു. അതുപോലെ രൂപാന്തരത്തിന്‍റെ നാളില്‍ ക്രിസ്തുവിനെ പീഢാനുഭവത്തിന് ഒരുങ്ങാനുള്ള ശക്തിയും തേജസ്സും ദൈവം അവന് കൊടുക്കുന്നു. രണ്ട് അവസരങ്ങളിലും പിതാവായ ദൈവം യേശുവില്‍ പ്രസാദിച്ചുകൊണ്ട് അവന്‍ തന്‍റെ പ്രിയപുത്രനാണെന്ന് പ്രഖ്യാപനം ചെയ്യുന്നുണ്ട്.
  9. മഹത്വമുള്ള ക്രൂശിനും പുനരുത്ഥാനത്തിനും വേണ്ടി പിതാവ് പുത്രനെ ശക്തീകരിക്കുന്ന അവസരത്തില്‍ രണ്ട് സാക്ഷികള്‍ കൂടി അവിടെ എഴുന്നെള്ളിവന്നു. ന്യായപ്രമാണത്തെ പ്രതിനിധീകരിക്കുന്ന മോശയും പ്രവാചകന്മാരെ പ്രതിനിധീകരിക്കുന്ന ഏലിയാവും.
  10. യേശുക്രിസ്തു തന്‍റെ മൂന്ന് ഉറ്റ ശിഷ്യന്മാരെക്കൂടി തേജസ്ക്കരണ വേളയില്‍ പങ്കാളികളാകുന്നുണ്ട്. തന്‍റെ ജീവിതത്തിന്‍റെ രഹസ്യങ്ങളും കര്‍മ്മപദ്ധതികളും എല്ലാം പിതാവാം ദൈവത്തിന്‍റെ ഹിതപ്രകാരമാണെന്നും അത് സ്വര്‍ഗ്ഗീയഗണങ്ങളുടെ അറിവോടുകൂടിയാണെന്നും അവരെ ബോധ്യപ്പെടുത്തന്നതിനും വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് എന്ന് വ്യക്തമാണ്.
  11. മോശയുടെയും ഏലിയാവിന്‍റെയും സാന്നിധ്യത്തിലാണ് യേശു തന്‍റെ പീഢാനുഭവത്തെ സംബന്ധിച്ച് ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടത്തുന്നതെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. ന്യായപ്രമാണത്തെയും പ്രവാചകന്മാ രെയും പൂര്‍ത്തീകരിക്കുക എന്നുള്ളത് തന്‍റെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശങ്ങളിലൊന്നാണ് എന്നുള്ള അവകാശവാദം മോശ, ഏലിയാവ് എന്നീ രണ്ടുപേരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായി ഉറപ്പാക്കപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പേ വാങ്ങിപ്പോയ ഇവര്‍ക്ക് ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളെപ്പ ററി അറിവുണ്ട് എന്നതും നമുക്ക് ഇവിടെ ബോധ്യമാകുന്നു.
  12. മരിച്ചുപോയവരും സഭയുടെ വ്യാപാരങ്ങളില്‍ സജീവ പങ്കാളികളാണെന്നുള്ള വിശ്വാസങ്ങള്‍ക്ക് ഇത് വ്യക്തമായ തെളിവാണ്. മോശ സീനായ് മലയില്‍വച്ചും ഏലിയാ ഹോറേബ് പര്‍വ്വതത്തില്‍വെച്ചും ദൈവത്തിന്‍റെ തേജസ്സ് ദര്‍ശിച്ചവരാണ്. രണ്ടുപേരുടെയും ഇഹലോകജീവിതാന്ത്യം അസാധാരണ രീതിയിലായിരുന്നു അവരെ ദൈവം കൈപിടിച്ച് മഹത്വത്തിലേക്ക് കരേറ്റുകയായിരുന്നു.
  13. പഴയനിയമം (മലാഖിയുടെ പുസ്തകം) അവസാനിക്കുന്നതും ഈ രണ്ടു ദീര്‍ഘദര്‍ശിമാരെയും അനുസ്മരിച്ചുകൊണ്ടെന്നുള്ളത് (മലാ. 4:4-6) പ്രത്യേകം പ്രസ്താവ്യമാണ്.
  14. പുനരുത്ഥാനത്തിന്‍റെ പ്രഭാതത്തില്‍ കര്‍ത്താവിന്‍റെ കബറിങ്കലും സ്വര്‍ഗ്ഗാരോഹണത്തിന്‍റെ വേളയില്‍ ഒലീവ് മലയിലും രണ്ട് ദൂതന്മാര്‍ (ശുഭ്രവസ്ത്രധാരികള്‍) പ്രത്യക്ഷപ്പെടുന്നുണ്ട്. (ലൂക്കോസ് 24:4, യോഹ. 20:12, അ.പ്ര. 1:10) ഇവര്‍ മോശയും ഏലീയാവും ആയിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അതുപോലെ വെളിപ്പാട് 1:3 ല്‍ പറയുന്ന രണ്ടു സാക്ഷികളും ഇവര്‍തന്നെയാണ് വിശദീകരിക്കുന്ന പണ്ഡിതന്മാര്‍ ഉണ്ട്. “അവര്‍ ഭൂമിയുടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്‍ക്കുന്ന ഒലീവ് വൃക്ഷങ്ങളും നിലവിളക്കും ആകുന്നു” എന്നാണ് ദൂതന്‍ യോഹന്നാനോട് പറഞ്ഞത്.
  15. മറ്റൊരു പ്രത്യേകത രൂപാന്തരസമയത്ത് മേഘം പ്രത്യക്ഷപ്പെടുന്നു എന്നതാണ്. മേഘം ദൈവസാന്നിധ്യം ആണ് വെളിപ്പെടുത്തുന്നത്. സ്വര്‍ഗ്ഗാരോഹണവും കര്‍ത്താവിന്‍റെ രണ്ടാം വരവും മേഘത്തില്‍ തന്നെ (അ.പ്ര. 1:9, വെളി. 1:7) യാണല്ലോ.
  16. വി. ത്രിത്വം വെളിപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണ് കര്‍ത്താവിന്‍റെ രൂപാന്തരത്തിന്‍റെ അവസരം. യോര്‍ദ്ദാൻ നദിയിലെ മാമോദീസായുടെ സമയത്തും ത്രിത്വത്തിന്റെ സാന്നിധ്യം ഉണ്ടായി. പിതാവാം ദൈവം മനുഷ്യാവതാരം ചെയ്ത തന്‍റെ ഏകജാതനെ പ്രതി സന്തോഷിച്ച് അവനില്‍ പ്രസാദിച്ചു. പരിശുദ്ധ റൂഹാ പിതാവില്‍ നിന്ന് പുറപ്പെടുകയും പുത്രനിൽ നിന്നു എടുക്കുകയും പിതാവിനോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുകയും ചെയ്തു.
  17. യേശുക്രിസ്തുരൂപാന്തരപ്പെടുകയും മഹത്വപ്പെടുകയും ചെയ്തതുകൊണ്ട് ഈ പെരുന്നാള്‍ മറുരൂപപ്പെരുന്നാള്‍, രൂപാന്തരപെരുന്നാള്‍, തേജസ്ക്കരണപെരുന്നാള്‍ എന്ന് അറിയപ്പെടുന്നു. ഇതിന് കര്‍ത്താവിന്‍റെ പീഢാനുഭവവും കുരിശുമരണവുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത് എന്നുള്ളതുകൊണ്ട് ചില പാശ്ചാത്യസഭകള്‍ ആഗസ്റ്റ് 6-ന് പുറമേ നോമ്പിലെ ഒരു ഞായറാഴ്ച കൂടി ഈ സംഭവത്തെ അനുസ്മരിക്കുന്നതിനു വേര്‍തിരിച്ചിട്ടുണ്ട്. റോമന്‍ കത്തോലിക്കാസഭ വലിയ നോമ്പില്‍ രണ്ടാം ഞായറാഴ്ചയും ദക്ഷിണേന്ത്യാ സഭ നോമ്പില്‍ മൂന്നാം ഞായറാഴ്ചയും മറുരൂപമലയിലെ സംഭവമാണ് സുവിശേഷവായനക്ക് ചേര്‍ത്തിരിക്കുന്നത്.
  18. എന്നാല്‍ സുറിയാനി സഭകള്‍ വി. സ്ലീബാപെരുന്നാളിനു (സെപ്തം 14) 40 ദിവസം മുമ്പുള്ള ആഗസ്റ്റ് 6 എന്ന ദിവസം മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്നുള്ളത് ശ്രദ്ധേയമാണ്. കർത്താവിന്റെ സ്ലീബായുമായും രക്ഷാകരമായ ക്രൂശുമരണമായിട്ടുമുള്ള ബന്ധത്തിലാണ് ഈ പെരുന്നാൾ സഭ ആചരിക്കുന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
  19. ദൈവരാജ്യം വെളിപ്പെടുന്നതിലെ ഒരു നിര്‍ണ്ണായകഘട്ടം കൂടിയാണ് ക്രിസ്തുവിന്‍റെ തേജസ്കരണം. യേശു മനുഷ്യനായിരിക്കുമ്പോള്‍ തന്നെ ദൈവമായിരുന്നുവെന്നും താന്‍ ന്യായപ്രമാണങ്ങളുടെ കര്‍ത്താവാണെന്നും പ്രവാചകദൗത്യങ്ങളുടെ പൂര്‍ത്തീകരണമാണെന്നും ക്രിസ്തു അസന്നിഗ്ദമായി ദൈവപുത്രനാണെന്നും വെളിപ്പെടുത്തുന്ന മഹല്‍സന്ദര്‍ഭമാണ് കര്‍ത്താവിന്‍റെ തേജസ്ക്കരണം
  20. പത്രോസ് ശ്ലീഹാ സന്ദര്‍ഭത്തിന്‍റെ പൊരുള്‍ മനസ്സിലാകാത്തതുകൊണ്ട് ഭയപ്പെട്ട് നിര്‍ജ്ജീവനായിപ്പോയി. യേശുവിനും പ്രവാചകന്മാര്‍ക്കും താമസിക്കുവാനായി മൂന്നു കുടിലുകള്‍ അഥവാ കൂടാരങ്ങള്‍ നിര്‍മ്മിക്കാമെന്ന് അവര്‍ പറയുന്നുണ്ട്. അക്കാരണം കൊണ്ടാണ് പെരുന്നാളിന് കൂടാരപ്പെരുന്നാള്‍ എന്ന പേര്‍ വരാനിടയായത്.
  21. പക്ഷേ പത്രോസ് പിന്നീട് ഈ സംഭവത്തെ ഏറെ ബഹുമാനത്തോടെയും ആദരവോടെയും അനുസ്മരിച്ചുകൊണ്ടാണ് തന്‍റെ ലേഖനം എഴുതുന്നുത്. (2 പത്രോസ് 1:13-20) ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചത്… അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രെ. ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധ പര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ ഈ ശബ്ദം കേട്ടു. ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓര്‍മ്മിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു.
  22. കൂടാരപെരുന്നാളിന്‍റെ ഒരു ശുശ്രൂഷാക്രമത്തില്‍ കാണുന്ന പ്രാര്‍ത്ഥനയുടെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ. “ഞങ്ങളുടെ ദൈവമായ കര്‍ത്താവേ നീ മലമുകളില്‍ തേജസ്കരിക്കപ്പെട്ടപ്പോള്‍ നിന്‍റെ ശിഷ്യര്‍ ആവോളം നിന്‍റെ മഹത്വം ദര്‍ശിച്ചു. അതിനാല്‍ നിന്‍റെ പീഢാനുഭവം നിന്‍റെ ഹിതം തന്നെയായിരുന്നു എന്നു ഗ്രഹിക്കുന്നതിനും യഥാര്‍ത്ഥത്തില്‍ നീ പിതാവിന്‍റെ തേജസ്സാണെന്ന് പ്രഖ്യാപിക്കേണ്ടതിനും ഇടയാകേണ്ടതിനായിത്തന്നെ”. “നിന്‍റെ ദാസരായ ഞങ്ങള്‍ നിന്‍റെ മുഖപ്രകാശം ദര്‍ശിക്കുന്നതിനാല്‍ കുരിശു വഹിക്കുന്നതിനു ബലപ്പെടുകയും നിന്‍റെ സാദൃശ്യം കൈകൊണ്ട് മഹത്വത്തില്‍ നിന്ന് മഹത്വത്തിലേക്ക് രൂപാന്തരപ്പെടുകയും ചെയ്യുമാറാകണമെ” (2 കൊരി. 3:18) ആമേന്‍.

ലേഖകൻ : ഡോ. എം കുര്യാക്കോസ്, പുല്ലുവഴി