ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ: Shunoyo d’Yoldath Aloho

ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും, അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അഞ്ചുദിവസത്തെ നോമ്പും പരി.സുറിയാനി സഭയിൽ വളരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നവയാണ്. പരി. സഭയുടെ ക്രമീകരണപ്രകാരം ആണ്ടടക്കമുള്ള മോറാനായ പെരുന്നാൾ പട്ടികയിൽ,  രണ്ടാം തരത്തിൽ ഉള്ളതും മോറാനായ പെരുന്നാളുകളുടെ കൂടെ കണക്കിടേണ്ടതും ആയ പെരുന്നാളാണ് ശൂനോയോ.

ശൂനോയോ എന്ന പദത്തിന് വാങ്ങിപ്പ്, നീക്കപ്പെടുക, എടുത്തു മാറ്റപ്പെടുക എന്നൊക്കെയാണ് അർത്ഥം.

ഇംഗ്ലീഷ് ഭാഷയിൽ ഈ പെരുന്നാൾ പൊതുവേ രണ്ട് പേരുകളിൽ അറിയപ്പെടുന്നുണ്ട് Assumption & Dormition. ഈ പദങ്ങൾ കത്തോലിക്ക ഓർത്തോഡോക്സ് വിഭാഗങ്ങൾ യഥാക്രമം ഉപയോഗിക്കുന്നു. Assumption എന്ന പദത്തിലൂടെ മറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും, Dormition എന്നതിലൂടെ അവൾ നിദ്ര പ്രാപിച്ചു എന്നും പഠിപ്പിക്കുവാനായി ഇരു വിഭാഗങ്ങളും ശ്രമിക്കുന്നു. എന്നാൽ സുറിയാനിയിൽ ഉപയോഗിക്കുന്ന “ശൂനോയോ” എന്ന പദത്തിന് തത്തുല്യമാണ് ഇവ രണ്ടും എന്ന് പറയാൻ സാധിക്കുകയില്ല. ഇതിന് സഭകളുടെ വ്യത്യസ്ത പഠിപ്പിക്കലുകൾ ഒരു പ്രധാന ഘടകമാണ്.

മുകളിൽ പ്രസ്താവിച്ച പദങ്ങളിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കാം എന്നാൽ ചില ആളുകൾ ഇതിന് Ascension (സ്വർഗ്ഗാരോഹണം) എന്ന വാക്ക് ഉപയോഗിച്ച് കാണാറുണ്ട്, ഇത് വളരെ തെറ്റായ പഠിപ്പിക്കലാണ്. കാരണം മറിയാം യേശുക്രിസ്തുവിനെ പോലെ സ്വയം സ്വർഗ്ഗത്തിലേക്ക് കരയേറിയതല്ല, പ്രത്യുത അവൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവൾ ആണ്. ആയതിനാൽ വാക്കുകളിലെ വ്യത്യാസങ്ങൾ മനസ്സിലാക്കി അവയെ ശ്രദ്ധാപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ വേദവിപരീതങ്ങൾക്ക്  കാരണമായി തീരും.

സൂലോക്കോയും, ശൂനോയോയും തമ്മിലുള്ള വ്യത്യാസം വലുതാണ്. സൂലോക്കോ എന്നാൽ കയറിപ്പോവുക, ആരോഹണം ചെയ്യുക എന്നൊക്കെയാണ് അർത്ഥം.

പുതിയ നിയമത്തിൽ സ്വർഗ്ഗാരോഹണംചെയ്യപ്പെട്ടത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രമാണ്. ആകയാൽ ശൂനോയോ വിശുദ്ധ ദൈവമാതാവ് സ്വയമേ സ്വർഗ്ഗത്തിലേക്ക് കരേറി പോയതിന്റെ  അല്ല, മറിച്ച് പുത്രന്റെ സന്നിധിയിലേക്ക് എടുക്കപ്പെട്ടതിന്റെ പെരുന്നാളാണ് എന്ന് നാം മനസ്സിലാക്കണം.

കന്യകമറിയാമിൻ്റെ വാങ്ങിപ്പിനെ സംബന്ധിച്ച് ലഭ്യമായ ചരിത്രം.

വിശുദ്ധ ദൈവമാതാവിന്റെ അന്ത്യനാളുകളെ സംബന്ധിച്ച് വേദപുസ്തകത്തിൽ നിന്ന് കൃത്യമായ തെളിവുകൾ നമുക്ക് ലഭിക്കുന്നില്ല. എന്നാൽ ആദ്യ നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന ക്രൈസ്തവ പാരമ്പര്യങ്ങളിൽ നിന്നും, എഴുത്തുകളിൽ നിന്നും, ഇതര കാനോനിക ഗ്രന്ഥങ്ങളിൽ നിന്നും ഇവയെ സംബന്ധിച്ചുള്ള ചില തെളിവുകൾ കണ്ടെത്താൻ നമുക്ക് സാധിക്കും. Apocrypha Syriaca- The Protevangelium Jacobi and Transitus Mariae (Passing of Mary), Syriac narrative of Apostle Thomas, മുതലായവ അവയിൽ ചിലത് മാത്രം. പണ്ഡിതലോകം ഇവയെ 1) താളിയോല പാരമ്പര്യങ്ങളും (Palm Leaf) 2) ബേദലഹേം (Bethlehem) പാരമ്പര്യങ്ങളും (6-ഗ്രന്ഥങ്ങൾ) എന്നീ നിലയിൽ തരംതിരിച്ചിരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ ഈ ഗ്രന്ഥങ്ങളാണ്  സുറിയാനി ഭാഷയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയത്. പ്രസ്തുത ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ, താളിയോല രേഖകൾ രണ്ടാം നൂറ്റാണ്ടിലെയും, ബെത്‌ലഹേം രേഖകൾ മൂന്നാം നൂറ്റാണ്ടിലെയും കാര്യങ്ങളെ സംബന്ധിച്ചുള്ളതാണ് എന്നാണ് ചരിത്രകാരന്മാരുടെ വീക്ഷണം. 

AD 56-ൽ, തനിക്ക് ഏകദേശം 70 വയസ്സിന് അടുത്ത് പ്രായം ഉള്ള സമയത്ത് ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാം  എഫേസൂസിൽ വച്ച് നിദ്ര പ്രാപിച്ചതിനെ  തുടർന്ന് വി. യോഹന്നാൻ ശ്ലീഹാ എഫേസൂസിലെ സഭ അംഗങ്ങളോട് ചേർന്ന്  ദൈവമാതാവിന്റെ ശരീരം ഉചിതമായ രീതിയിൽ കബറടക്കം ചെയ്തു എന്ന് ഒരു ചരിത്രം പറയുന്നു. ഇത് സമീപകാലത്തെ ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ചരിത്രമാണ്, പൊതുവേ സുറിയാനി സഭയിൽ ഇതിന് കാര്യമായ അംഗീകാരം ലഭിച്ചിട്ടില്ല.

എന്നാൽ ഇതിന് വ്യത്യസ്തമായി വളരെ പ്രചാരത്തിലുള്ള ഒരു ചരിത്രം, 72 ൽ മാതാവിന് 90 വയസ്സിന് അടുത്ത് പ്രായമുള്ള സമയത്ത് യെറുശലേമിൽ ഒലിവ് മലയ്ക്ക് സമീപത്ത് വച്ചാണ് കന്യകമറിയാം നിദ്ര പ്രാപിച്ചത് എന്നതാണ്. പരിശുദ്ധ അപ്പോസ്തോലന്മാർ ദൈവാത്മാവിനാൽ പ്രേരിതരായി ഭൂമിയുടെ നാലു കോണുകളിൽ നിന്നും മേഘങ്ങളിൽ യെരുശലേമിൽ എത്തുകയും, മാതാവിന്റെ മരണ സമയത്ത് അവളോടൊപ്പം പ്രാർത്ഥനയിൽ ആയിരുന്നുവെന്നും, തുടർന്ന് അമ്മയുടെ മരണാനന്തരം കർത്താവിൻറെ കല്ലറയ്ക്ക് സമീപം ദൈവമാതാവിനെ കബറടക്കം ചെയ്തുവെന്നും ഈ ചരിത്രത്തിൽ പറയപ്പെടുന്നു. അലക്സാന്ദ്രിയായിലെ പാത്രിയർക്കീസ് ആയിരുന്ന വിശുദ്ധ തിയഡോഷ്യസിന്റെ രചന ഈ ചരിത്രത്തോട് വളരെ സമാനമാണ്. പ്രസ്തുത ചരിത്രത്തിൽ  വിശുദ്ധ പത്രോസ് വിശുദ്ധ യോഹന്നാൻ ഉൾപ്പെടെയുള്ള അപ്പോസ്തോലന്മാരുടെയും ഒലിവ് മലയുടെ പ്രദേശത്തുള്ള അനേകം കന്യകമാരുടെയും  സാന്നിധ്യത്തിലാണ് ദൈവമാതാവ് നിദ്ര പ്രാപിച്ചത്. അദ്ദേഹത്തിൻ്റെ രചനയിൽ പറയപ്പെടുന്നത് നിദ്ര പ്രാപിച്ച മാതാവിനെ തന്റെ സന്നിധിയിലേക്ക് കൊണ്ടുപോകാനായി യേശു തമ്പുരാൻ, മോശയുടെയും പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും അകമ്പടിയോടെ നേരിട്ട് എത്തി എന്നാണ്. മാതാവ് നിദ്ര പ്രാപിക്കുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്തതിനുശേഷമാണ് ശരീരം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത് എന്ന് പൗരാണിക ഓർത്തഡോക്സ് സഭകളെല്ലാം വിശ്വസിക്കുന്നു. എന്നാൽ എത്ര ദിവസത്തിന് ശേഷമാണ് ശരീരം എടുക്കപ്പെട്ടത് എന്നതിൽ ഓർത്തഡോക്സ് സഭകൾക്കുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉള്ളത്. മരണപ്പെട്ട അതേ ദിവസം എടുക്കപ്പെട്ടു എന്നും, മൂന്നുദിവസത്തിനുശേഷം എടുക്കപ്പെട്ടു എന്നും പല സഭകളും പഠിപ്പിക്കുമ്പോൾ കോപ്റ്റിക് സഭ, 206 ദിവസത്തിന് ശേഷമാണ് എടുക്കപ്പെട്ടത് എന്ന് പഠിപ്പിക്കുന്നു.

ജെറുസലേമിൽ നിന്ന് വളരെ അകലെ ഭാരതത്തിൽ ആയിരുന്ന വി തോമാശ്ലീഹായ്ക്ക് മാതാവിന്റെ കബറടക്ക സമയത്ത് എത്താൻ സാധിച്ചില്ല എന്നും, എന്നാൽ ഇന്ത്യയിൽ നിന്ന് ജെറുസലേമിലേക്കുള്ള യാത്രാ മധ്യേ ദൈവമാതാവിന്റെ ഭൗതികശരീരം വിശുദ്ധ മാലാഖമാരാൽ സ്വർഗ്ഗത്തിലേക്ക് എടുക്കുന്നത് കണ്ടവനായ മോർത്തോമാ ശ്ലീഹാ മഹാവിലാപത്തോടെ തൻ്റെ കരങ്ങൾ നീട്ടിയപ്പോൾ, അമ്മയുടെ പരിശുദ്ധ സൂനോറോ (ഇടക്കെട്ട്) അഴിഞ്ഞ് താഴേക്ക് വന്ന് അവൻ്റെ കൈകളിൽ ലഭിച്ചുവന്നും അതുമായി, മറ്റ് ശ്ലീഹന്മാരുടെ അടുത്തെത്തിയ തോമാശ്ലീഹാ നടന്ന സംഭവങ്ങൾ അവർക്ക് വിവരിച്ചു കൊടുക്കുകയും, അവൻ്റെ വാക്കുകൾ കണക്കിലെടുത്ത് മാതാവിന്റെ കബർ തുറന്നു നോക്കിയപ്പോൾ അത് ശൂന്യമായിരുന്നു എന്നും ഈ ചരിത്രത്തിൽ കാണുവാൻ സാധിക്കും. AD 451ൽ കൂടിയ കാൽസിഡൊണിയൻ കൗൺസിലിൽ ജെറുസലേം മെത്രാപ്പോലീത്ത ഇതിനെ സംബന്ധിച്ച് (വി തോമാശ്ലീഹായുടെ ആവശ്യപ്രകാരം രണ്ടാമത് മാതാവിന്റെ കബർ തുറന്നതിനെ സംബന്ധിച്ച്) പരാമർശിക്കുന്നതായി ഇതര കിഴക്കൻ ഓർത്തഡോക്സ് സഭകളുടെ ചരിത്രരേഖകളിൽ കാണാൻ സാധിക്കും. പരിശുദ്ധ ദൈവമാതാവിൽ നിന്ന് ലഭിച്ച ആ ഇടക്കെട്ട് ഇന്നും പരിശുദ്ധ സുറിയാനി സഭ ഒരു അമൂല്യനിധിയായി സിറിയയിലെ ഹോംസിൽ ഉള്ള ദൈവമാതാവിന്റെ സൂനോറോ ദേവാലയത്തിൽ പരിപാവനമായി സൂക്ഷിച്ചുവരുന്നു. 

താൻ ആരിൽ നിന്ന് മനുഷ്യശരീരം പ്രാപിച്ചുവോ ആ അമ്മയുടെ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ് സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോയതിന്റെ അനുസ്മരണാർത്ഥമാണ് നമ്മൾ  ശൂനോയൊ പെരുന്നാൾ കൊണ്ടാടുന്നത്.

ശൂനോയോ പെരുന്നാൾ ആരംഭിച്ച കാലഘട്ടവും തീയതിയും

ആദ്യ നൂറ്റാണ്ടുകൾ മുതൽ തന്നെ ദൈവമാതാവിന്  ക്രൈസ്തവരുടെ ഇടയിൽ വലിയ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും, മാതാവിന്റെ ശൂനോയോ പോലെയുള്ള പെരുന്നാളുകൾ പരസ്യമായി ലോകം മുഴുവൻ ആഘോഷിക്കപ്പെടാൻ തുടങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

മൂന്ന്, നാല് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന അപ്രേമിനെ പോലെയുള്ള പല പ്രഗൽഭരുടെയും എഴുത്തുകളിൽ ദൈവമാതാവിനെ സംബന്ധിച്ചുള്ള അനേകം കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ടെങ്കിലും അമ്മയുടെ വാങ്ങിപ്പിനെ സംബന്ധിച്ചുള്ള അവരുടെ എഴുത്തുകൾ കാര്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല, ആയതിനാൽ ആ നൂറ്റാണ്ടുകളിൽ വാങ്ങിപ്പ് ഒരു പെരുന്നാൾ ആയി ആഘോഷിച്ചിരുന്നില്ല എന്ന വാദിക്കുന്ന ചരിത്രകാരന്മാർ ഉണ്ട്.

അതേസമയം മോർ അപ്രേമിന്റെ രചനയിൽ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് ചേർത്ത് വായിക്കാവുന്ന ഒരു ഭാഗം, കർത്താവിന്റെ ജനന പെരുന്നാളിന് സംബന്ധിച്ചുള്ള  അപ്രേമിന്റെ കീർത്തനങ്ങളുടെ പതിനേഴാം അധ്യായത്തിൽ, ദൈവമാതാവ് ഇപ്രകാരം പറയുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്,  

“ഞാൻ വഹിച്ച ശിശു എന്നെ വഹിക്കുന്നു, അവൻ താഴേക്കിറങ്ങി തൻറെ തൂവലുകളാൽ ചുറ്റി, ചിറകുകളുടെ ഇടയിൽ എന്നെ വഹിച്ച വായുവിലേക്ക് പറന്നു”.

ഇത് ദൈവമാതാവിന്റെ വാങ്ങിപ്പിനെ സംബന്ധിച്ചുള്ള പരാമർശം ആണെന്നും, ആയതിനാൽ മൂന്ന് നാല് നൂറ്റാണ്ടുകളിൽ ഈ പെരുന്നാളിനെ സംബന്ധിച്ച് യാതൊരുവിധ പരാമർശങ്ങളും ഇല്ല എന്നത് നിലനിൽക്കാത്ത വാദമാണ് എന്ന് മറ്റൊരു വിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ സുറിയാനി സഭ പരിഗണിക്കുന്ന മറ്റു ചില രചനകളും പ്രസ്താവിയമാണ്.

ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധനായ ദിവന്നാസിയോസിൻ്റെ (St Dionysius Areopagite) രചനകളിൽ അദ്ദേഹം ദൈവമാതാവിൻ്റെ വാങ്ങിപ്പിനെ സംബന്ധിച്ച് കൃത്യമായ വിവരണം നൽകുന്നുണ്ട്, അവിടെ അവർ പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായും തുടർന്ന് വന്ന കാലങ്ങളിൽ ക്രിസ്ത്യാനികൾ ഈ ആരാധന തുടർന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു. 

AD നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന മോർ എപ്പിഫാനിയോസിൻ്റെ എഴുത്തുകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നാലാം നൂറ്റാണ്ടിന് മുമ്പ് തന്നെ ക്രൈസ്തവരുടെ ഇടയിൽ ദൈവമാതാവിനെ ബഹുമാനിക്കുകയും, അവളുടെ വാങ്ങിപ്പ് അനുസ്മരിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.

ആറാം നൂറ്റാണ്ടിലെ പ്രസിദ്ധനായ സെരൂഗിലെ മോർ യാക്കോബിന്റെ  രചനകളിൽ മറിയാമിൻ്റെ  അവസാന നിമിഷങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.  

ദൈവമാതാവിനെ ഏറ്റവും ആദ്യം ഒരു വിശുദ്ധ എന്ന നിലയിൽ പരിഗണിക്കുകയും അവളുടെ മധ്യസ്ഥതയിലഭയപ്പെട്ട് പ്രാർത്ഥിക്കുകയും ചെയ്ത ആളുകൾ പാലസ്തീൻ, മെസപ്പൊട്ടോമിയൻ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു എന്ന് പല പുരാതന രേഖകളും സാക്ഷ്യപ്പെടുത്തുന്നു. 

AD 588-ൽ കിഴക്കൻ റോമാ ചക്രവർത്തിയായിരുന്ന മൊറീസ് (Emperor  Maurice) ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ തൻറെ സാമ്രാജ്യത്തിലെ എല്ലാ ആളുകളും ഭക്തി ആദരപൂർവ്വം കൊണ്ടാടണമെന്നും, അത് അവരുടെ ആരാധനക്രമവത്സരചക്രത്തിൽ ഉൾപ്പെടുത്തുവാനും കല്പന പുറപ്പെടുവിച്ചതായി അവരുടെ ചരിത്രം അവകാശപ്പെടുന്നു, അതുപോലെതന്നെ ഏഴാം നൂറ്റാണ്ടിൽ പോപ്പ് സർഗീസ് ഒന്നാമൻറെ കാലഘട്ടത്തിൽ കത്തോലിക്ക സഭയിലും ഈ പെരുന്നാൾ ആഘോഷിച്ചിരുന്നതായി കത്തോലിക്കാ സഭയിലെ ചരിത്രകാരന്മാരും അവകാശപ്പെടുന്നുണ്ട്, എന്നാൽ 1950 നവംബർ ഒന്നാം തീയതി പോപ്പ് പീയൂസ് പന്ത്രണ്ടാമൻ്റെ കാലത്താണ് അദ്ദേഹം തൻ്റെ കൽപ്പനയിലൂടെ  ഈ പെരുന്നാൾ അവരുടെ വിശ്വാസത്തിൻറെ (doctrine) ഭാഗമാക്കി മാറ്റിയതും, ഓഗസ്റ്റ് 15 മാറ്റമില്ലാത്ത തീയതിയായി ഉറപ്പിച്ചതും.

മുകളിൽ പ്രസ്താവിച്ച കാര്യങ്ങൾ ചേർത്ത് വായിക്കുമ്പോൾ അഞ്ചാം നൂറ്റാണ്ട് വരെ മാതാവിന്റെ പെരുന്നാളുകൾ പരസ്യമായി നടത്തിയിരുന്നില്ല, എങ്കിലും പല പ്രദേശങ്ങളിലും അവ രഹസ്യത്തിൽ ആണെങ്കിലും നടത്തപ്പെട്ടിരുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്.

ആഗസ്റ്റ് മാസം 15-ാം തീയതി എന്നത് ഏത് നൂറ്റാണ്ട് മുതൽ ആഘോഷിച്ചുവരുന്നു എന്നതിൽ ചരിത്രകാരന്മാരുടെ ഇടയിൽ കൃത്യമായ ധാരണയില്ല. വിവിധ സഭകളുടെയിടയിൽ ഈ പെരുന്നാൾ തീയതിയിലും മാറ്റമുണ്ട്. ജൂലിയൻ കലണ്ടർ പ്രകാരം ആഗസ്റ്റ് 28-ാം തീയതിയാണ് ഈ പെരുന്നാൾ. നമ്മുടെ അതേ വിശ്വാസ പാരമ്പര്യമുള്ള സഹോദരി സഭയായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽ ദൈവമാതാവ് നിദ്ര പ്രാപിച്ചത് ജനുവരി 30-തും, സ്വർഗ്ഗത്തിലെക്ക് എടുക്കപ്പെട്ടത് ഓഗസ്റ്റ് 22-ും എന്നി രണ്ടു വ്യത്യസ്ത ദിവസങ്ങളിലാണ് ആചരിക്കുന്നത്. എത്യോപ്യൻ, എറുത്രിയൻ സഭകളുടെ കണക്ക് പ്രകാരവും ഇത് ഓഗസ്റ്റ് മാസം 22-ാം തീയതിയാണ്. 

ജെറുസലേം, ബേദലഹേം കേന്ദ്രീകരിച്ച് ദൈവമാതാവിന്റെ വാങ്ങിപ്പിനെ സംബന്ധിച്ച് നിലനിൽക്കുന്ന സുറിയാനി കയ്യെഴുത്ത് പ്രതികളിൽ ഓബ് (ഓഗസ്റ്റ്) മാസം പതിനഞ്ചാം തീയതി ദൈവ മാതാവുമായി ബന്ധപ്പെട്ടിരുന്ന തീയതിയാണ് എന്നത് വളരെ ശ്രദ്ധേയമാണ്.  ജെറുസലേം ആരാധനയെ (417-439 AD) സംബന്ധിച്ച്  പ്രതിപാദിക്കുന്ന അർമേനിയന്‍ ലക്ഷ്ണറിയിൽ ദൈവവാഹകയുടെ (Theotokos) പെരുന്നാൾ 15-ാം തീയതിയിൽ നടത്തുന്നതായി പരാമർശങ്ങൾ ഉണ്ട്. ഇതിൽ പ്രസ്തുത പെരുന്നാൾ ദിവസം ആരാധനയിൽ 131-ാം സങ്കീർത്തനം 8-ാം വാക്യം അവർ പാരായണം ചെയ്യുന്നതായും കാണാം. സങ്കീ: 131:8 കര്‍ത്താവേ! നിന്‍റെ വിശ്രമസ്ഥലത്തേക്ക് നീ നിന്‍റെ ശക്തിയുടെ പെട്ടകവുമായി എഴുന്നള്ളേണമെ.  ഇവിടെ പരാമർശിച്ചിരിക്കുന്ന പെട്ടകം ദൈവമാതാവും, വിവരണം അവളുടെ വാങ്ങിപ്പിനെ സംബന്ധിച്ചും ആണ് എന്നാണ് പണ്ഡിത അഭിപ്രായങ്ങൾ.

ഇതുകൂടാതെ മുകൾ പ്രസ്താവിച്ച ബേദലഹേം പാരമ്പര്യത്തിലെ 6 ഗ്രന്ഥങ്ങളിൽ എഫെസോസ് സുനോഹദോസിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദൈവമാതാവിനെ ക്രിസ്ത്യാനികൾ ആദരപൂർവ്വം പരിഗണിച്ചിരുന്നതായി മനസ്സിലാക്കുവാൻ സാധിക്കും.

ആഗസ്റ്റ് 15-ാം തീയതി യഥാർത്ഥത്തിൽ സുറിയാനി സഭ ദൈവമാതാവിന്റെ  3 പെരുന്നാളുകളാണ് സംയുക്തമായി ആഘോഷിക്കുന്നത്. ദൈവമാതാവിന്റെ മരണത്തിന്റെയും ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടതിന്റെയും ഓർമ്മ, മാതാവിന്റെ 

മുന്തിരിയെ പ്രതിയുള്ള പെരുന്നാൾ, പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ  ആദ്യമായി ഒരു ദൈവാലയം (ജെറുസലേമിൽ) സ്ഥാപിക്കപ്പെട്ടതിൻ്റെയും ഓർമ്മ. പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമായിരിക്കാം സുറിയാനി സഭയിൽ ഏകീകരിക്കപ്പെട്ട ഒരു തീയതി എന്ന നിലയിൽ ഓഗസ്റ്റ് 15 നും, അതിനോട് ബന്ധപ്പെട്ട നോമ്പും കടന്നുവന്നത് എന്നാണ് സുറിയാനി ചരിത്ര പണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ ബ്രോക്കിൻ്റെ അഭിപ്രായം. (ഓബ് 15-ന് അതിനുമുമ്പ് തന്നെ സഭയിൽ പ്രാധാന്യം ഉണ്ടായിരുന്നു എങ്കിലും, മുകളിൽ പ്രസ്താവിച്ച മൂന്നു പെരുന്നാളുകളും ഏകീകരിച്ച തീയതി.)

ഈ മൂന്നു പെരുന്നാളുകളും ഒരേ ദിവസമല്ല നടന്നതെന്നും പിന്നീട് ഏകീകരിച്ച ഒരു ദിവസം ആക്കിയതാണ് എന്നും ദൈവമാതാവിന്റെ ചരിത്രം രചിച്ച മോർ ദനഹോ എന്ന പിതാവിന്റെ രചനകളിലൂടെ നമുക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ രചനയിൽ കർത്താവ് ജനിച്ച അതേ ദിവസം തന്നെയാണ്  (വർഷം വ്യത്യാസമുണ്ട്) ദൈവമാതാവ് നിദ്ര പ്രാപിച്ചത് എന്നാണ്. ഡിസംബർ 25-ാം തീയതി കർത്താവിന്റെ ജനന പെരുന്നാളായി അനുഷ്ഠിക്കുന്നത് കൊണ്ട്, തൊട്ടടുത്ത ദിവസമായ 26-ാം തീയതി മാതാവിന്റെ പുകഴ്ച പെരുന്നാളായി ആഘോഷിക്കുന്നു, ഇത് മുകൾ പ്രസ്താവിച്ച കാര്യത്തെ ശരിവെക്കുന്നു. 

ഇത് ആരംഭിച്ച കാലഘട്ടത്തെയും, ഓഗസ്റ്റ് 15 എന്ന തീയതി ഏകീകരിക്കപ്പെട്ടതിനെയും സംബന്ധിച്ചും ചരിത്രകാരന്മാരുടെ ഇടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇന്നും നിലനിൽക്കുന്നു. എന്നിരുന്നാലും പൗരാണികമായ എല്ലാ സഭകളിലും ഏറ്റവും കുറഞ്ഞത് പതിനഞ്ച് നൂറ്റാണ്ടുകളായിട്ടെങ്കിലും ഈ പെരുന്നാൾ ആഘോഷിക്കപ്പെടുന്നുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും.

ശൂനോയോ നോമ്പും-ദൈർഘ്യവും

നോമ്പുകൾ എല്ലാം ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയാണ്. ഭൂമിയിൽ കാലാകാലങ്ങളിൽ ദൈവം നടത്തിയ ഇടപെടലുകളെ ധ്യാനിച്ചുകൊണ്ട് നാം നോമ്പ് അനുഷ്ഠിക്കുന്നു. യഥാർത്ഥമായ നോമ്പനുഷ്ഠാനത്തിലൂടെ ദൈവസന്നിധിയിൽ കരുണ പ്രാപിക്കുവാൻ നമുക്ക് സാധിക്കുന്നു. നോമ്പിൽ ഏറ്റവും കൂടുതൽ തവണ ഒരു സുറിയാനി ക്രിസ്ത്യാനി ഉരുവിടേണ്ട വാക്ക് “കുറിയേലായിസോൻ” എന്നാണ്.

മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് വേണ്ടി അവതാരം ചെയ്ത യേശുക്രിസ്തുവിനു വേണ്ടി ഒരുക്കപ്പെട്ട വയൽ ആയി തീർന്ന പരിശുദ്ധ കന്യകമറിയാമിൻ്റെ പവിത്രമായ ശരീരം ഈ ഭൂമിയിൽ മണ്ണിൽ അഴുകി പോകാതിരികുമാർ അവയെ പൂർണ്ണമായി സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ടു പോകുവാൻ തിരുമനസ്സായ കർത്താവിൻ്റെ ദൈവിക ഇടപെടലുകളെ ധ്യാനിക്കുന്നതിനും പരി.അമ്മയോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കുന്നതിനുമുള്ള അവസരങ്ങളാണ് ശൂനോയോ നോമ്പിൻ്റെ ദിനങ്ങൾ.

സുറിയാനി സഭയിലെ അഞ്ചു കാനോനിക നോമ്പുകളിൽ നാലാമതായോ, അഞ്ചാമതായോ (കൃത്യമായ തെളിവുകൾ ഇല്ല) കൂട്ടിച്ചേർക്കപ്പെട്ട നോമ്പാണ് ശൂനോയോ നോമ്പ്. ആദ്യ നൂറ്റാണ്ടുകളിലെ യൽദോ നോമ്പ്, വലിയ നോമ്പ്, ശ്ലീഹന്മാരുടെ നോമ്പ് എന്നിവ 40 ദിവസമായിരുന്നു ആചരിച്ചിരുന്നു പിന്നീട് കാലാകാലങ്ങളിൽ അവ പരിഷ്കരിച്ചത് പോലെ ശൂനോയോ നോമ്പിൻ്റെ ദൈർഘ്യത്തിന്റെ കാര്യത്തിലും ചില ക്രമീകരണങ്ങൾ സഭയിൽ വരുത്തിയിട്ടുണ്ട്. 15 ദിവസമായിരുന്ന ഈ നോമ്പ് 1946-ൽ സിറിയയിലെ ഹോംസിൽ കൂടിയ പരി സുനഹദോസിന്റെ തീരുമാനപ്രകാരം പരി അഫ്രേം ബർസോം പാത്രിയർക്കീസ് ബാവ പുറപ്പെടുവിച്ച കൽപ്പന പ്രകാരം ശൂനോയോ നോമ്പ് അഞ്ചുദിവസമായി പുനക്രമീകരിച്ചു. ആയതിനാൽ ഈ നോമ്പ് ഇപ്പോൾ ഓഗസ്റ്റ് 10 മുതൽ 15 വരെയാണ് സഭയിൽ ഔദ്യോഗികമായി അനുഷ്ഠിക്കപ്പെടുന്നത്. മറ്റെല്ലാ കാനോനിക നോമ്പുകൾ പോലെ തന്നെ ഈ നോമ്പിന്റെ ദിവസങ്ങളിലും വിശ്വാസികൾ പ്രാർത്ഥനയിലും, ഉപവാസത്തിലും ആയിരിക്കുകയും, മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചും, ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിച്ചും ആത്മനിയന്ത്രണത്തിൽ കഴിയേണ്ടതാണ്. ഈ പെരുന്നാളിനോട് അനുബന്ധിച്ച് തന്നെ മാതാവിൻറെ മുന്തിരിയെ പ്രതിയുള്ള പെരുന്നാളും അനുഷ്ഠിക്കപ്പെടുന്നതിനാൽ, തുറബ്ദ്ദീൻ, ഇറാഖ് പ്രദേശത്തിലുള്ള സുറിയാനി ക്രിസ്ത്യാനികൾ മുന്തിരിപ്പഴം ഭക്ഷിച്ചാണ് ഈ നോമ്പ് അവസാനിപ്പിക്കുന്നത്. നമ്മുടെ സഹോദരി സഭയായ അർമേനിയൻ സഭയിലും ഈ പാരമ്പര്യം നിലനിൽക്കുന്നു, ഇത് അവരുടെ പ്രദേശീക ആചാരമാണ്.

ആഗസ്റ്റ് പതിനഞ്ചും ദൈവമാതാവിന്റെ മുന്തിരിയെ പ്രതിയുള്ള പെരുന്നാളും ഓഗസ്റ്റ് പതിനഞ്ചാം തീയതി മുന്തിരി തണ്ടുകൾക്ക് വേണ്ടി മാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് പെരുന്നാൾ നടത്തുന്ന പാരമ്പര്യം സുറിയാനി സഭയിൽ നിലനിൽക്കുന്നു.

വചനമാം ദൈവം ജഡം ധരിച്ചത് കന്യകാമറിയാമിൽ നിന്നുമാണ്. കൂടാതെ തിരു ശരീരരക്തങ്ങൾ സഭയ്ക്ക് ലഭിക്കുന്നത് അപ്പവീഞ്ഞുകളിൽ നിന്നും. ആയതുകൊണ്ട് വി കുർബാന അർപ്പണത്തിന് മുമ്പുള്ള അപ്പവീഞ്ഞുകളെ, വിശുദ്ധ സഭ മറിയാമിനോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു.  ഇക്കാരണത്താൽ തന്നെ ഭൂമിയിൽ നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ വരവ് വരേയ്ക്കും വിശുദ്ധ കുർബാന അർപ്പണത്തിനുള്ള അപ്പവിഞ്ഞുകൾ ലഭ്യമാകാൻ വേണ്ടി, ഗോതമ്പിന്റെ വിത്തുകളെയും, കതിരുകളെയും, മുന്തിരിയെയും സംരക്ഷിക്കുവാൻ വേണ്ടി വിശുദ്ധ കന്യകയുടെ മധ്യസ്ഥതയിൽ പെരുന്നാൾ നടത്താൻ അപ്പോസ്തോലിക കാലത്ത് ഒരു തീരുമാനം ഉണ്ടായി എന്നാണ് ചരിത്രം. എഫേസോസ് ഉൾപ്പെടെയുള്ള ഏഷ്യാ മൈനർ ഭാഗത്ത് ആ കാലത്ത് ഉണ്ടായ ക്ഷാമവും വരൾച്ചയും ആയിരുന്നു ഈ തീരുമാനത്തിന് പിന്നിൽ എന്നും വിശ്വസിക്കപ്പെടുന്നു. ഇക്കാര്യങ്ങൾ എഴുതിയ ചുരുളുകളുമായി വി. യോഹന്നാൻ ശ്ലീഹ എഫേസോസിൽ എത്തിയ ഉടനെ അവിടെ പനിമഞ്ഞ് (ചാറ്റൽ മഴ) പൊഴിഞ്ഞു എന്നാണ് പാരമ്പര്യം. ആയതുകൊണ്ട് വിത്തുകളെ പ്രതിയും, കതിരുകളെ പ്രതിയും, മുന്തിരി തണ്ടുകളെ പ്രതിയും വർഷത്തിൽ മൂന്നു പെരുന്നാൾ മാതാവിന്റെ നാമത്തിൽ പരി സഭയിൽ നടത്തുന്നു. അഞ്ചാം നൂറ്റാണ്ടിലെ ബേദലഹേം പാരമ്പര്യങ്ങളുടെ ആറ് ഗ്രന്ഥങ്ങളിലും, AD 514 ൽ ജീവിച്ചിരുന്ന മോർ ശിമവോൻ കൂകോയോയുടെ രചനകളിലും വർഷംതോറും നടത്തപ്പെടേണ്ട ഈ മൂന്നു പെരുന്നാളുകളെ സംബന്ധിച്ചുള്ള തെളിവുകൾ കാണുവാൻ സാധിക്കും.

 

ഉപസംഹാരം

കാനോനിക നോമ്പുകൾ എല്ലാം ഇത്ര ദിവസമായി നിശ്ചയിച്ചത് കാലാകാലങ്ങളിലെ പരിശുദ്ധ സുന്നഹദോസ് ആണ്. അതേപോലെ തന്നെ കാലത്തിനനുസൃതമായി ഈ നോമ്പ് ദിവസങ്ങൾ പരിഷ്കരിച്ചതും  പരി: സുന്നഹദോസുകൾ തന്നെയാണ്. 15 ദിവസം വ്യക്തിപരമായി ഒരാൾക്ക്  നോമ്പു നോക്കുന്നതിൽ തടസ്സമില്ല. എന്നാൽ സഭ ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന നിർബന്ധിത നോമ്പ് ദിവസങ്ങളാണ് ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള “5” ദിനങ്ങളാണ്.

ഈ 5 ദിവസം എങ്കിലും കൃത്യമായി നോമ്പ് അനുഷ്ഠിക്കുക എന്നതാണ് മുഖ്യം. ദിവസത്തിൻറെ ദൈർഘ്യത്തിൽ അല്ല, മറിച്ച് ആ നോമ്പിനോടുള്ള ആത്മാർത്ഥതയും ദൈവത്തോടുള്ള ബന്ധവും എത്രമാത്രം നാം കാത്തുസൂക്ഷിക്കുന്നു എന്നതാണ് പ്രാധാന്യം.

അനുഗ്രഹപ്രദമായ ഒരു നോമ്പ് അനുഷ്ഠിക്കുവാനും, വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ ദൈവത്തിൽ നിന്ന് കരുണ പ്രാപിക്കുവാനും നമുക്ക് സാധിക്കട്ടെ.

ലേഖകൻ : വന്ദ്യ തോമസ്  പൂതിയോട്ട് കശീശാ ( സെൻ്റ്  ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി, സിയാറ്റിൽ USA)

References

  1. Patriarchal Encyclical by H.H. Patriarch Ignatius Zakka I Iwas (Fasting: A Definition)
  2. Mary in Early Christian Faith and Devotion by Stephen J. Shoemaker 
  3. On the Dormition of Mary: Early Patristic Homilies
  4. Syriac Hymnal (2016) by Gabriel Aydin
  5. The spiritual treasure on Canonical Prayer by H H Patriarch Ignatius Ephraim Bursom.
  6. The Ancient Dormition Apocrypha and the Origins of Marian Piety, by Dr. Stephen J. Shoemaker in ‘Presbeia Theotokou, The Intercessory Role of Mary across Times and Places in Byzantium’ (2015)
  7. Prayers and Fasts According to Bar Ebroyo (Doctoral Thesis) by Fr. Biji Chirathilattu
  8. Bar Hebraeus Nomo-canon (Malayalam) translated by H G Mor Yulios Yaqub Metropolitan. 
  9. Canonical Fast on the West Syrian Tradition – The Harp (Volume 7) Dr. Baby Varghese
  10. Fasting in the Syriac Orthodox Church Of Antioch (https://www.soc-wus.org/page.php?id=870)
  11. The Holy Virgin Mary in the Syrian Orthodox Church (https://syrianorthodoxchurch.org/2010/02/the-holy-virgin-mary-in-the-syrian-orthodox-church/)
  12. The Syriac Fathers on the Dormition and the Assumption of Virgin Mary – Dr Sebastian Brock (https://youtube.com/live/HU_9FCukPMI?feature=share8)