ദൈവതിരുനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ.
മോർ യാക്കോബിന്റെ ജീവിതം:-
കാതോലികവും ശ്ലൈഹികവുമായ സത്യ സുറിയാനി വിശ്വാസ
സമൂഹത്തിന്റെ നിത്യഹരിത കാവ്യശില്പിയും ആത്മീയ
നിഗൂഢതകളുടെ അണ്ഡകടാഹത്തിലൂടെ നീന്തിതുടിച്ച് മുത്തും
പവിഴവും വേർതിരിച്ച് തന്റെ വിശ്വാസ സമൂഹത്തിന്
അക്ഷരങ്ങളിലൂടെ വെളിപ്പെടുത്തിയവനും, പരിശുദ്ധാത്മാവിന്റെ
പുല്ലാങ്കുഴൽ എന്ന് വിശേഷിപ്പിക്കപ്പെട്ടവനും, സുറിയാനി സഭയുടെ
ആരാധനാ സൗന്ദര്യം ലളിതമായ ഭാഷയിൽ ആവിഷ്കരിച്ച
ശ്രേഷ്ഠനായ എഴുത്തുകാരനുമായിരുന്ന സെറൂഗിലെ മോർ
യാക്കോബിന്റെ ജനനം പുരാതന യൂഫ്രട്ടീസിലെ കുർത്തം
ഗ്രാമത്തിലായിരുന്നു. അനുഗ്രഹീത കവിയും, ബൈബിൾ
വ്യാഖ്യാതവും, ഉജ്ജ്വല വാഗ്മിയും, ആത്മീയ ഉപദേഷ്ട്ടാവും,
ആയിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടം A.D 451 മുതൽ 521
വരെയാണ് എന്ന് ചരിത്രം സാക്ഷീകരിക്കുന്നു. ഒരു ആചാര്യ
ശ്രേഷ്ഠന്റെ മകനായി ജനിച്ച മോർ യാക്കോബിന്റെ ബാല്യം
തികച്ചും പരിശുദ്ധാത്മ നിറവിലായിരുന്നു.
ചരിത്രം പറയുന്നതിപ്രകാരമാണ്:– സെഖര്യാവിന്റെയും
ഏലിശ്ബായുടെയും പോലെ പുരോഹിത ദമ്പതികൾക്ക്
വാർദ്ധക്യത്തിൽ ജനിച്ച മകനായിരുന്നു മോർ യാക്കോബ്. ഒരിക്കൽ
പള്ളിയിൽ ആരാധനയുടെ മധ്യത്തിൽ എല്ലാവരും
പ്രാർത്ഥനയിലായിരുന്നപ്പോൾ മൂന്ന് വയസ്സുകാരനായിരുന്ന ഇദ്ദേഹം
പരിശുദ്ധാത്മ പ്രേരിതനായി തന്റെ അമ്മയുടെ കയ്യിൽ നിന്നും
താഴെയിറങ്ങി, ആളുകളുടെ ഇടയിലൂടെ നടന്ന് ബലിപീഠത്തിൽ
പ്രവേശിച്ച് അവിടെ ആരാധനക്കായി തയ്യാറാക്കി വച്ചിരുന്ന വീഞ്ഞ്
മൂന്ന് തവണ രുചിച്ച് നോക്കിയതായി പറയുന്നു.
പ്രശസ്തമായ എഡേസ സ്കൂളിൽ തന്റെ
വിദ്യാഭ്യാസമാരംഭിച്ച ഇദ്ദേഹം തന്റെ പിതാവിനെപ്പോലെ
പുരോഹിത ജീവിതം തിരഞ്ഞെടുക്കുകയും പിൽക്കാലത്ത് സന്യാസ
ജീവിതത്തിൽ താപസശ്രേഷ്ഠനായി മാറുകയും ചെയ്തു. 12-മത്തെ
വയസ്സുമുതൽ അദ്ദേഹം എഴുതാനാരംഭിച്ചു. ഡോഡെകാസിലാബിക്
(പന്ത്രണ്ട് അക്ഷരങ്ങൾ) രീതിയാണ് അദ്ദേഹം എഴുതാനായി
ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റേതായി കണ്ടെത്തിയിരിക്കുന്ന
രചനകൾ, 4 കത്തുകൾ, ഗദ്യരചനകൾ, പ്രഭാഷണങ്ങൾ, 6 ഫെസ്റ്റൽ
ഹോമികൾ, നിരവധി കത്തുകൾ, 760 ഹോമിലറ്റിക് കവിതകൾ
എന്നിവയാണ്.
ആത്മീയ അനന്തവിഹായസ്സിൽ പരിലസിച്ചിരുന്ന
അറിവിന്റെ രാജകുമാരനാൽ രചിക്കപ്പെട്ട അനേകം കൃതികൾ
ഇനിയും വെളിച്ചം കണ്ടിട്ടില്ല. അച്ചടി പോലും ഇല്ലാതിരുന്ന
കാലഘട്ടത്തിൽ അദ്ദേഹം കൈയെഴുത്ത് പ്രതികളായിട്ടാണ് തന്റെ
രചനകൾ സൂക്ഷിച്ചിരുന്നത്.
മലയാള ഭാഷാ സാഹിത്യത്തിൽ ഉപമ അലങ്കാരത്തിന് ഏറെ
പ്രാധാന്യമുണ്ട്.
“ഒന്നൊന്നിനോട് സാദൃശ്യം ചൊന്നാലതുപമയാം.”
ഇതേ സാദൃശ്യത്തിൽ അല്ലെങ്കിൽ അർത്ഥവ്യാപ്തിയിൽ
പരമാത്മ പരിശുദ്ധതയെ ഉപമകളിലൂടെ ലളിതവും,
ഹൃദയസ്പർശിയും, അർത്ഥ സമ്പുഷ്ടവുമായ രീതിയിലാണ് മോർ
യാക്കോബ് തന്റെ കാവ്യ രചനകളിൽ പ്രതിപാദിച്ചിട്ടുള്ളത്.
കർത്താവ് തന്റെ ശിഷ്യന്മാരെ ഉപമകളിലൂടെയാണ് ആത്മീയ
രഹസ്യങ്ങൾ പഠിപ്പിച്ചിരുന്നത് എന്നതുപോലെ വിശുദ്ധ
വേദപുസ്തകം മനഃപഠമാക്കിയിരുന്ന, വിശുദ്ധമായ സന്യാസ
ജീവിതം നയിച്ചിരുന്ന വന്ദ്യപിതാവ് പഴയ നിയമത്തിൽ
മൂടപ്പെട്ടിരുന്ന വിശുദ്ധ രഹസ്യങ്ങളെ പരസ്യ വിചിന്തനത്തിനായി
തന്റെ ചിന്തകളിലൂടെ സാക്ഷീകരിക്കുന്നു.
പരിശുദ്ധാത്മാവിന്റെ കിന്നരം എന്ന് വിശേഷിപ്പിക്കപ്പെട്ട
മോർ അപ്രേമിന് ശേഷം സഭ കണ്ട അതിശ്രേഷ്ഠനായ വാഗ്മി
കൂടിയായിരുന്നു മോർ യാക്കോബ്. അഫ്രഹത്ത്, അപ്രേം തുടങ്ങിയ
ബൗദ്ധിക പൂർവികർ തുടർന്ന ശൈലി തന്നെയാണ് അദ്ദേഹം
പിന്തുടർന്നതും. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിലൂടെ
കണ്ണോടിക്കുമ്പോൾ വായനക്കാർക്ക് പോലും ഒരു പരിശുദ്ധാത്മ
നിറവ് അനുഭവപ്പെടുന്നു. അത്യഗാധ വേദപുസ്തക പണ്ഡിതനും,
സൗമ്യനും, ശാന്തനുമായിരുന്ന മോർ യാക്കോബ്, വിഖ്യാതനായ
ബൈബിൾ വ്യാഖ്യാതാവ് കൂടിയാണ്. കർത്താവ് തന്റെ ആത്മീയ
നൽവരങ്ങളുടെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുവാനുപയോഗിച്ച
തൂലികയായിരുന്നു മോർ യാക്കോബ്. ദീർഘദർശിയായിരുന്ന
പിതാവ് തന്റെ സഭക്ക് വിലമതിക്കാനാകാത്ത അറിവുകൾ
പകർന്ന് നൽകി. A.D 519-ൽ ഇദ്ദേഹം ബെത്-നാനിലെ ബിഷപ്പായി
തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുന്തിരിതോട്ടത്തിലെ വേലകൾ
പൂർത്തീകരിച്ച് നിത്യപറുദീസായുടെ സന്തോഷത്തിലേക്ക്
A.D 521 നവംബർ 29-ആം തിയതി അദ്ദേഹം യാത്രയായി. തനിക്ക്
കിട്ടിയ ദർശനങ്ങളെ നേരിൽ കാണുന്നതിനും, അരുമനാഥന്റെ
അരികിൽ വിശ്രമത്തിനുമായി പിതാവ് യാത്രയായപ്പോൾ പരിശുദ്ധ
സഭക്ക് വേണ്ടി മധ്യസ്ഥത യാജിക്കാൻ, തന്റെ
പിതാക്കന്മാരേപോലെ അദ്ദേഹത്തിനു സാധിച്ചതിന്റെ ഫലമായിട്ടാണ്
1500 വർഷങ്ങൾക്കു ശേഷവും ഈ ചിന്താധാരകൾക്ക് ഇത്ര
പ്രാധാന്യം.
എബ്രായ ലേഖനം 13:7-ൽ പറയുന്നു:- നിങ്ങളോട്
ദൈവവചനം സംസാരിച്ച നിങ്ങളുടെ നേതാക്കന്മാരെ ഓർക്കുക.
അവരുടെ ജീവിതരീതിയുടെ ഫലം പരിഗണിക്കുകയും അവരുടെ
വിശ്വാസം അനുകരിക്കുകയും ചെയ്യുക. നിതാന്ത വന്ദ്യ ദിവ്യ മഹാ
മഹിമശ്രീ പരിശുദ്ധ മോറോൻ മോർ അപ്രേം രണ്ടാമൻ
പാത്രിയർക്കീസ് ബാവ സെറൂഗിലെ മോർ യാക്കോബിന്റെ 1500-
ആമത് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.
സെറൂഗിലെ മോർ യാക്കോബിന്റെ പഠിപ്പിക്കലുകളിലൂടെ ഒന്നു
കണ്ണോടിക്കുമ്പോൾ തന്നെ ജീവിതം കൊണ്ട് മാതൃക തീർത്ത
ഇദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ 21-ആം നൂറ്റാണ്ടിലും ഇത്രയും
ഗവേഷണാത്മകമാകണമെങ്കിൽ അതെത്ര ശ്രേഷ്ഠവും
ആദരണീയവുമാണെന്നത് ചിന്താത്മകം തന്നെയാണ്. അനേകം
ചിന്താധാരകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഉല്പത്തി മുതൽ
വെളിപാട് വരെ. പിതാവായ ദൈവം തന്റെ പുത്രനിലൂടെ
വിലകൊടുത്തു വാങ്ങി പരിശുദ്ധാത്മാവിനാൽ പരിപാലിക്കപ്പെട്ട
വി.സഭയെ അന്തകനായ സാത്താന്റെ കുതന്ത്രങ്ങളിൽ നിന്നും
എങ്ങനെ രക്ഷിക്കാമെന്നും, നിത്യരക്ഷക്കായി നാം എന്താണ്
ചെയ്യേണ്ടതെന്നും ആലങ്കാരികമായ രീതിയിൽ അദ്ദേഹം തന്റെ
എഴുത്തുകളിലൂടെ ഉത്ബോധിപ്പിക്കുന്നു.
ആ ചിന്തയിലേക്കൊന്ന് കണ്ണോടിക്കുമ്പോൾ:-
ത്രിത്വത്തെക്കുറിച്ച് മോർ യാക്കോബിന്റെ കാഴ്ചപ്പാടുകൾ
മോർ യാക്കോബിന്റെ എഴുത്തുകളിൽ കാണാൻ കഴിയുന്ന
ത്രിത്വസങ്കല്പം വളരെ മനോഹരമാണ്. എങ്ങനെയെന്നാൽ ഒരു
മഹാ വൃക്ഷത്തിന്റെ വേരുകളെ പിതാവാം ദൈവത്തോടും ആ
വൃക്ഷഫലങ്ങളെ പുത്രൻ തമ്പുരാനോടും, അതിന്റെ ശാഖകളെ
പരിശുദ്ധാത്മാവിനോടും ആയിട്ടാണ് ഉപമിച്ചിരിക്കുന്നത്.
വേരുകളില്ലാതെ വൃക്ഷം വളരുന്നില്ല, ശിഖരങ്ങളില്ലാതെ
ഫലങ്ങൾക്കും ആയുസ്സില്ല. സാധാരണ ചിന്താഗതികൾക്കപ്പുറമുള്ള
ഒരു വിവരണം!
ഉല്പത്തി പുസ്തകം 2:8,9 വാക്യങ്ങളിൽ നാം കാണുന്നു:-
അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം
ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി, കാണ്മാൻ
നല്ല ഭംഗിയുള്ളതും തിൻമാൻ നല്ല ഫലമുള്ളതുമായ ഓരോ
വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും, നന്മ
തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ
ദൈവം മുളപ്പിച്ചു. ഏദന്റെ നടുവിലാണ് തമ്പുരാൻ ജീവവൃക്ഷം
മുളപ്പിച്ചത്. അതിനോടൊപ്പം തന്നെ അറിവിന്റെ വൃക്ഷവും
മുളപ്പിച്ചു. ഉല്പത്തി 2:17 പറയുന്നു:- “എന്നാൽ നന്മ
തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ നിന്നുള്ള ഫലം
തിന്നരുത്, തിന്നുന്ന നാളിൽ നീ മരിക്കും”. യഥാർത്ഥത്തിൽ
കാവൽക്കാരനും, സംരക്ഷകനുമായിരുന്ന ജീവവൃക്ഷം അറിവിന്റെ
വൃക്ഷഫലം ഭക്ഷിച്ച് ആദാം ആത്മീയമായി മരിച്ചപ്പോൾ
ജീവവൃക്ഷം ഇതാ ഗോൽഗോഥായുടെ ഉയരങ്ങളിൽ
കുരിശിലേറ്റപ്പെടുന്നു. ത്രിത്വ സംയോജനത്തിന്റെ പ്രതീകങ്ങൾ
ഉൽപ്പത്തി പുസ്തകം മുതൽ
വെളിപാട് വരെ നമുക്ക് കാണുവാൻ കഴിയും. ഒന്നൊന്നിനോട്
വ്യത്യസ്തത പുലർത്തുന്നുവെങ്കിലും ഒന്നില്ലാതെ മറ്റൊന്നില്ല
എന്നതാണ് യാഥാർത്ഥ തൃത്വരഹസ്യം.
സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ:-
മോർ യാക്കോബ് സഭയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ
പ്രധാനമായും 4 രീതിയിൽ പറഞ്ഞിരിക്കുന്നു:-
(1) ഗോൽഗോഥായിലെ ഒരു കെട്ടിടമായിട്ട്:-
മൽക്കിസദേക്ക്, അബ്രാഹാം, മോശ, യാക്കോബ് എന്നിവരുടെ
പ്രവർത്തന ശ്രംഖല ഒന്നു ക്രോഡീകരിക്കുമ്പോൾ ഇത്
വ്യക്തമാകുന്നു:- മൽക്കിസദേക്ക് അപ്പവും വീഞ്ഞും നൽകിക്കൊണ്ട്
പുത്രൻ തന്റെ ശരീരവും രക്തവും ലോകത്തിനും സഭയ്ക്കും
നൽകുന്നതായി കാണിച്ചു. പിതാവായ ദൈവം
വരുവാനുള്ളതിനെയെല്ലാം വളരെ വ്യക്തമായി പഴയനിയമത്തിലൂടെ
കാണിക്കുന്നുണ്ട്. മൽക്കിസദേക്ക് അപ്പം വാഗ്ദാനം ചെയ്യുന്നതായി
ഉൽപത്തി 14:18-ൽ പറയുന്നു. ശാലേം രാജാവായ മൽക്കിസദേക്ക്
അപ്പവും വീഞ്ഞും കൊണ്ടുവന്നു. അവൻ അത്യുന്നതന്നായ
ദൈവത്തിന്റെ പുരോഹിതനായിരുന്നു. വീണ്ടും 14:19-ൽ പറയുന്നു:-
അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി
അത്യുന്നതന്നായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
അതേ സമയം അബ്രാഹാം തന്റെ മകൻ യിസ്ഹാക്കിനെ
ബലിയർപ്പിക്കുവാൻ ഒരു ബലിപീഠം സ്ഥാപിച്ചു. വിശ്വാസികളുടെ
പിതാവായ അബ്രഹാമിന്റെ വിശ്വാസതീക്ഷണത വിളിച്ചോതുന്ന
വചനങ്ങളാണ് ഉൽപത്തി പുസ്തകം 22-ആം അധ്യായത്തിലൂടെ
കാണുവാൻ കഴിയുന്നത്. ഉൽപത്തി പുസ്തകം 22:7-ൽ ബാലനായ
യിസ്ഹാക്ക് അബ്രാമിനോട് ചോദിക്കുന്നുണ്ട്. അപ്പാ തീയും
വിറകുമുണ്ട്, എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ?
മറുപടിയായി 22:8-ആം വാക്യത്തിലേക്ക് നോക്കുമ്പോൾ അവിടെ
പറയുന്നു:- ദൈവം തനിക്ക് ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ
നോക്കിക്കോളും എന്ന്. അതേ അന്ന് പൂർത്തീകരണം
പ്രാപിക്കാതിരുന്ന ആ തിരുബലി ഗോൽഗോഥയോളം നീണ്ടു. ആ
ബലിക്കായുളള ബലിപീഠം അന്നേ ഒരുക്കപ്പെട്ടിരുന്നു. ഇവിടെ
നമുക്ക് കാണുവാൻ കഴിയും ക്രാന്തദർശിയായിരുന്ന മോർ
യാക്കോബിന്റെ ദർശനങ്ങളെക്കുറിച്ച്.
വീണ്ടും ഉൽപത്തി 28:10 മുതൽ പറയുന്നു
യാക്കോബിന്റെ യാത്രയിൽ, താൻ തലയിണയായി വച്ചിരുന്ന
കല്ലിനെ അവൻ തൂണായി നിർത്തി അതിന്മേൽ എണ്ണയൊഴിച്ചു.
എന്നിട്ട് പറയുന്നുണ്ട്, 28:22:- “ഞാൻ തൂണായി നിർത്തിയ ഈ കല്ല്
ദൈവത്തിന്റെ ആലയം ആകും”. ഇപ്രകാരം അഭിഷേകം
ചെയ്യപ്പെട്ട ഒരു പാറയെ പുതിയ നിയമത്തിൽ നമുക്ക് കാണുവാൻ
കഴിയും. ഇതിനോടൊപ്പമുള്ള മറ്റൊരു വിവരണം പുറപ്പാട് 17: 6-
ആം വാക്യത്തിൽ ദൈവം മോശയോട് പറയുന്നുണ്ട്. പാറയെ
അടിച്ച് വെള്ളം പുറപ്പെടുവിച്ച് തന്റെ അവിശ്വാസികളായ
ജനത്തിന് ദാഹജലം നൽകുന്നവനായ ദൈവം. പുതിയ
നിയമത്തിലേക്ക് വരുമ്പോൾ നിയമത്തിന്റെ പുത്രന്മാരാൽ
ഗോൽഗോഥായുടെ മധ്യത്തിൽ നാട്ടപ്പെട്ട ഇളക്കം തട്ടാത്ത പാറമേൽ
കുന്തംകൊണ്ട് കുത്തുകയും അതിൽനിന്നും രക്തവും വെള്ളവും
ഒഴുകുകയും ചെയ്തു. ലേവ്യ പുരോഹിതന്മാരിൽ നിന്നും
വ്യത്യസ്തമായി രാജത്വവും പൗരോഹിത്യവും ഉള്ളവനായ
മൽക്കിസദേക്കിനാൽ അപ്പവും വീഞ്ഞും അബ്രഹാമിന് അതായത്
ബാഹ്യജാതികൾക്ക് (ആന്തരീകാർഥത്തിൽ സഭക്ക്) പിതാവായവന്
നൽകപ്പെടും. യാക്കോബ് ബഥേവിൽ നാട്ടിയ കല്ലിനെ ആലയമാക്കി
(ആന്തരീകാർഥത്തിൽ ദേവാലയമായി) മോശയുടെ കയ്യാൽ അടിയേറ്റ്
പിളർക്കപ്പെട്ട പാറയിൽ നിന്നൊഴുകിയ നീരുറവ ബലിവസ്തുവായി
മാറ്റപ്പെടുന്നു. (ആന്തരീകാർഥത്തിൽ ഗോൽഗോഥായിലെ
ബലിയർപ്പണം പുനരാവിഷ്കരിക്കപ്പെടുന്ന വി.കുർബാന, തന്റെ
ജനത്തിന് ആത്മീയ ഭക്ഷണമായി മാറുന്നു). പഴയ നിയമം മറ
നീക്കി ഇതാ പുറത്തുവന്നിരിക്കുന്നു എന്നാണ് മോർ യാക്കോബ്
ഗോൽഗോഥായെ സഭയോട് ഉപമിക്കുമ്പോൾ പറയുന്നത്.
(2) ഏദൻ തോട്ടത്തിലെ ജീവവൃക്ഷമാകുന്നു ദേവാലയം.
മോർ യാക്കോബിന്റെ വീക്ഷണത്തിൽ സഭ തോട്ടവും, ദൈവം
തൊട്ടക്കാരനും ആകുന്നു. ഏദൻ തോട്ടത്തിന്റെ മദ്ധ്യേ ഉയർത്തപ്പെട്ട
ജീവവൃക്ഷമാണ് ദേവാലയം. വീണ്ടും മുന്തിരിതോട്ടത്തോടും,
അത്തിമരത്തിനോടും, ഒലിവ് മരത്തിനൊടുമെല്ലാം സഭയെ
പ്രതീകാത്മകപ്പെടുത്തുന്നുണ്ട്. ആദമിന്റെ വീഴ്ച അവനെ ഏദൻ
തോട്ടത്തിൽ നിന്ന് പുറത്താക്കി. ജീവവൃക്ഷത്തിലേക്കുള്ള പ്രവേശനം
നിഷേധിക്കപ്പെട്ടവനായി ആദം മാറുന്നു. ജീവന്റെ വൃക്ഷം
അൾത്താരയാണ്. യേശു തമ്പുരാൻ ഈ ലോകത്തിലേക്ക്
മനുഷ്യജന്മം സ്വീകരിച്ച് വന്നത് തന്നെ ആദമിന്റെ നഷ്ട്ടപ്പെട്ട
മുഖഛായ വീണ്ടെടുക്കുന്നതിനാണ്. സാത്താന്റെ കുതന്ത്രങ്ങളിൽ
പെട്ടുപോയ ആദം കർത്താവിന്റെ പാതാളപ്രവേശനം വരെ
ബന്ധിതനായിരുന്നു എന്ന് മോർ യാക്കോബ് സാക്ഷീകരിക്കാൻ
ശ്രമിക്കുന്നു. ആ ജീവവൃക്ഷം കാൽവരിയിൽ യാഗമായി.
അടിമത്വ ചങ്ങലകളാൽ ബന്ധിതനായിരുന്ന തമ്പുരാന്റെ
സൃഷ്ടിയെ മോചിപ്പിച്ച് ജീവന്റെ വൃക്ഷമായി
ദൃഷ്ട്ടാന്തീകരിക്കുന്നത് അൾത്താരയേയാണ്. വി.ബലിയിലൂടെ
ലഭിക്കുന്ന ആത്മീയ നൽവരങ്ങളുടെ ഫലങ്ങളായി കണക്കാക്കുന്നു.
അപ്പ വീഞ്ഞുകളെ പരിശുദ്ധാത്മാവ് എപ്രകാരം കർത്താവിന്റെ
ശരീരവും രക്തവുമാക്കി മാറ്റുന്നുവോ അതായത് ആ അദൃശ്യ
സാന്നിധ്യം ആ ജീവ വൃക്ഷത്തിന്റെ ശിഖരങ്ങളാകുന്നു.
മുന്തിരിതോട്ടമാകുന്ന ജീവന്റെ ഏദനിലേക്ക് പ്രവേശിക്കുവാൻ
സഭക്ക് കഴിയണം എന്ന് മോർ യാക്കോബ് ഉദ്‌ബോധിപ്പിക്കുന്നു.
കൂടാതെ അത്തിമരത്തോടും ഒലിവ് മരത്തോടുമെല്ലാം അദ്ദേഹം
സഭയെ ഉപമിക്കുന്നുണ്ട്.
(3). മത്സ്യത്തൊഴിലാളിയായും ജീവൻ നൽകുന്ന മത്സ്യബന്ധനമായും
സഭ നിലകൊള്ളുന്നു.
ആദിയിൽ പിതാവിനോട് കൂടെയായിരുന്നവൻ തന്റെ
നഷ്ട്ടപ്പെട്ടു പോയ ആടുകളെ വീണ്ടെടുക്കുന്നതിനായിട്ട്
തിരഞ്ഞെടുക്കുന്നത്:- വിദ്യാഭ്യാസമോ, കുടുംബ മഹിമയോ ഒന്നും
പറയുവാനില്ലാത്ത മുക്കുവരെയാണ്. മോർ യാക്കോബിന്റെ
കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഒരു മീൻ വല കൊണ്ട് അനേകം
മത്സ്യങ്ങളെ പിടിക്കുവാൻ സാധിക്കുന്നതു പോലെ
ദൈവവചനമാകുന്ന വലയെറിഞ്ഞ് തന്റെ ജനത്തെ ദൈവീകമായ
അവസ്ഥയിലേക്ക് കൂട്ടി വരുത്തുക. ഇവിടെ സമർഥനായ ഒരു
മുക്കുവനെയാണ് മോർ യാക്കോബ് പുത്രൻ
തമ്പുരാനിലൂടെ വരച്ചു കാട്ടുന്നത്. ആദ്യമായി അവൻ 12
മിടുക്കുള്ള മത്സ്യങ്ങളെ പിടിക്കുന്നു. എന്നിട്ട് അവർക്ക് കൃത്യമായി
പരിശീലനം കൊടുക്കുന്നു. എങ്ങനെയെന്നാൽ ആ വലിയ
വലക്കുള്ളിലേക്ക് തന്റെ കുഞ്ഞാടുകളെ മുഴുവൻ സ്വീകരിക്കുവാൻ.
കാരണം ചെന്നായ്ക്കൾ, അലറുന്ന സിംഹം ഒക്കെയുള്ള ലോകത്തിൽ
തന്റെ ആട്ടിൻ പറ്റത്തെ ഒന്നിച്ച് നിർത്തണമെങ്കിൽ അതിനെ
വലിയൊരു വലയിലാക്കണം എന്ന് കർത്താവിനറിയാം.
ദൈവപുത്രൻ ലോകത്തിന്റെ കടലിൽ മനുഷ്യരാശിക്കായി
മത്സ്യ ബന്ധനത്തിനായി യാത്ര ചെയ്യുന്നു എന്ന് മോർ യാക്കോബ്
തന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്കെറിഞ്ഞ വലയാണ് ദേവാലയം.
മാനവരാശിയാകുന്ന മത്സ്യങ്ങളെ വാരിയെടുക്കുവാൻ ഉള്ള വല.
മുക്കുവൻ തന്റെ വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ കടലിനോളം
പോന്ന ഒരു വലയുമായിട്ടു യാത്രചെയ്യുകയും അതിൽ
ഉൾപ്പെടുന്നവർ ജീവന്റെ തുറമുഖത്തേക്കെത്തിപ്പെടുകയും
ചെയ്യുന്നു.
സുവിശേഷങ്ങളിലുടനീളം യേശുതമ്പുരാൻ വലയെറിഞ്ഞതായിട്ട്
നമുക്ക് കാണുവാൻ കഴിയും എന്ന് മോർ യാക്കോബ്
ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നു. ശമരിയാക്കാരിയായ സ്ത്രീ-
യേശുക്രിസ്തുവിനെ ശമരിയാക്കാരി സ്ത്രീയെ കണ്ടുമുട്ടിയ
കിണറ്റിൻ കരയിലേക്ക് നയിച്ചത് ആകസ്മികമായിട്ടല്ല മറിച്ച് തന്റെ
വ്യക്തിത്വം വെളിപ്പെടുത്തുവാൻ അവിടേക്ക് പോകണമെന്നവൻ
പദ്ധതിയിട്ടിരുന്നു. മറ്റൊരു വലിയ ഉദാഹരണമാണ് ശൗലിനെ
പൗലോസാക്കി മാറ്റുന്നത്. തന്റെ നാമം പ്രഘോഷിക്കുന്നവരെ
ഉപദ്രവിക്കുന്നവനായിട്ടുകൂടി അവനെ വിളിച്ച് വേർതിരിച്ച്
പൗലോസാക്കി മാറ്റുന്നു. പീഡകനെ രക്ഷകനാക്കി മാറ്റുന്ന ദൈവിക
കൃപ ഇവിടെ കാണുവാൻ കഴിയുന്നു. മറ്റൊരു ഉപമയായി
ചുങ്കക്കാരനായ സക്കായിയെക്കുറിച്ച് പറയുന്നു. അതേപോലെ തന്നെ
പാപിനിയായ സ്ത്രീയെക്കുറിച്ചും, മാർത്തയെക്കുറിച്ചുമെല്ലാം മോർ
യാക്കോബ്
തന്റെ എഴുത്തുകളിൽ കൂടി പ്രതിപാദിക്കുന്നു. ഇപ്രകാരം
അതിവിദഗ്ദ്ധനായ മുക്കുവന്റെ കയ്യിൽ സഭയാകുന്ന മത്സ്യങ്ങൾ
സുരക്ഷിതരായി പറുദീസായുടെ അനുഭവത്തിലേക്ക്
നടന്നടുക്കണമെന്നാണ് ഇദ്ദേഹം ഉദ്ബോധിപ്പിക്കുന്നത്.
(4). ക്രിസ്തുവിന്റെ മണവാട്ടിയാണ് സഭ.
ഏതൊരു ക്രിസ്ത്യാനിയും ഏറെ ആഗ്രഹത്തോടെയും,
അതിലുപരി സന്തോഷത്തോടെയും നോക്കിക്കാണുന്ന ഒരു
വിവരണമാണ് ഇവിടെ കാണുവാൻ കഴിയുന്നത്. ഏതൊരു
ആത്മീയ ഗവേഷകരും അവരുടെ പഠനത്തിന്റെ ഒരു ഭാഗം
എപ്രകാരമാണ് മണവാളനായ ക്രിസ്തുവിന് വേണ്ടി സഭയാകുന്ന
മണവാട്ടി ഒരുങ്ങേണ്ടതെന്ന് പ്രതിപാധിക്കുന്നുണ്ടാകും. ഇവിടെ
വളരെ സഹിത്യവത്കരിച്ച് മോർ യാക്കോബ് പറയുകയാണ്,
വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടി തന്റെ മണവാളനു
വേണ്ടി കാത്തിരിക്കുന്നുവോ അതേപോലെ സഭ യേശുവിനായി
കാത്തിരിക്കണം. വാഗ്ദാനങ്ങളിൽ വിശ്വസ്തനായവൻ പറഞ്ഞ
സമയത്ത് തിരികെ വരും. അതുവരെ ഒരുക്കത്തോടെ
കാത്തിരിക്കുവാൻ മോർ യാക്കോബ് സഭയെ പ്രബോധിപ്പിക്കുന്നു.
മോശ ഈജിപ്തിൽനിന്നും സീനായ് പർവ്വതത്തിലേക്ക് തന്റെ
മണവാട്ടി സഭയെ നയിച്ചതായും, അവിടെ അവൾ മണവാളനെ
കാണുമെന്നും എല്ലാം പുറപ്പാട് പുസ്തകം 19- ആം അധ്യായത്തെ
ആധാരമാക്കിക്കൊണ്ട് മോർ യാക്കോബ് വിശകലനം നടത്തുന്നുണ്ട്.
വി.വേദപുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ ഓരോ
പുസ്തകങ്ങളിലും ഈ മണവാട്ടി സഭയെകുറിച്ച് കാണുവാൻ
കഴിയും. ഉദാഹരണമായി മോർ യാക്കോബ് ചൂണ്ടിക്കാണിക്കുന്നത്,
യാക്കോബ് റാഹേലിനു വേണ്ടി കഴിച്ച കാഴ്ച്ചപ്പാടുകളെ
കുറിച്ചാണ്. കിണറ്റിൻ കരയിലെ ചുംബനം മോർ യാക്കോബ്
വിവാഹ നിശ്ചയമായി കണക്കാക്കുന്നു (ഉൽപത്തി 29). ഇസ്രായേൽ
അവളുടെ മണവാളനേയും ക്രൂശിനെയും വ്യക്തമായി
തള്ളിക്കളയുമ്പോൾ സഭ അവനുമായി പ്രണയത്തിലാകുകയും ആ
വിവാഹ ഉടമ്പടി കുരിശിൽ സംഭവിക്കുകയും ചെയ്യുന്നു. അവിടെ
വരൻ വിവാഹ അഥിതികൾക്കായി തന്റെ ശരീരവും രക്തവും
വാഗ്‌ദാനം ചെയ്യുന്നു. മണവാളനും വധുവും കൂടി തങ്ങളുടെ
അഥിതികളെ കുരിശിൽ വരൻ തയ്യാറാക്കിയ ഭക്ഷണത്തിൽ
പങ്കെടുക്കുവാൻ ക്ഷണിക്കുന്നു. മനുഷ്യത്വവുമായുള്ള
ദൈവികതയുടെ യഥാർഥ കൂടിച്ചേരൽ കുർബാന വഴി
സാധ്യമാക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ഭൗതിക ശരീരം
എന്ന് സഭയെ വിശേഷിപ്പിക്കുമ്പോഴും അവളുടെ പ്രവൃത്തികൾ
അവന്റെ പ്രവർത്തനങ്ങളെ അനുവർത്ഥിക്കുന്നു. ക്രിസ്ത്യവിന്റെ
മണവാട്ടിയെന്ന നിലയിൽ സഭ മുഴുവൻ മിമ്രയിലും കാണിക്കുന്നത്
ഒരു എക്ലസിയോളജിക്കൽ ഇമേജാണ്.
സുവിശേഷീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ.
സെറൂഗിലെ മോർ യാക്കോബിന്റെ
സുവിശേഷവൽക്കരണത്തെക്കുറിച്ചുമുള്ള പഠിപ്പിക്കലുകളും
തികച്ചും ബഹുമാന്യമാണ്. മതപരമായ ആദർശങ്ങളും,
ആശയങ്ങളും, തത്വചിന്തകളും മറ്റുള്ളവരുടെ മേൽ
അടിച്ചേല്പിക്കലല്ല, മറിച്ച് ദൈവപുത്രനെ പ്രഖ്യാപിക്കുക
എന്നതാണ് സുവിശേഷവൽക്കരണം എന്ന് അദ്ദേഹം
പഠിപ്പിക്കുവാൻ ശ്രമിക്കുന്നു. കർത്താവ് മാനവീകതക്ക് നൽകിയ
സ്വതന്ത്ര ഇച്ഛാശക്തിയെ ബഹുമാനിക്കുന്നതിനാൽ തന്നെ
പിന്തുടരുവാനും രക്ഷക്കുള്ള സ്ഥാനം സ്വീകരിക്കുവാനും അവൻ
ആരെയും നിർബന്ധിക്കുന്നില്ല. സഭ കർത്താവിനെ അനുകരിച്ച്
ലോകത്തിലേക്ക് പോകുകയും മനുഷ്യരെ അവന്റെ
ജീവിതയാത്രകളിൽ കണ്ടുമുട്ടുകയും വേണം. വ്യക്തികളെ അവരുടെ
ബൗദ്ധിക അല്ലെങ്കിൽ ആത്മീയ തലങ്ങളിൽ ഇടപഴകാനോ,
എക്യുമെനിക്കൽ, മതാന്തര സംഭാഷണങ്ങളിൽ ഏർപ്പെടുവാനോ സഭ
ഒരിക്കലും ഭയപ്പെടരുത്. ദൈവപുത്രൻ അവരുടെ ആത്മീയ
വിജ്ഞാനത്തിലും മതഗ്രന്ഥങ്ങളിലും മറഞ്ഞിരിക്കുന്നില്ല.
സുവിശേഷങ്ങളിലൂടെ എടുത്തുപറയുന്ന ഓരോ കഥാപാത്രങ്ങളും
ഓരോ വിഭാഗങ്ങളുടെ പ്രതിനിധികളാണ്. യേശു അവരെ തന്റെ
കൂട്ടത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞാൽ അവർ അവനെ അവരുടെ
സമൂഹങ്ങളിൽ ജീവൻ നൽകുന്നവനായി പ്രഖ്യാപിക്കുന്നു.
കർത്താവിന്റെ സുവിശേഷ സന്ദേശം അവിടെ ഫലം കാണുന്നു.
ലൗകികമായ എല്ലാ ഉത്കണ്ഠകളേയും ഉപേക്ഷിച്ച് അവനിൽ
പൂർണമായി വിശ്വസിക്കുവാൻ ആ സമൂഹത്തെ ക്ഷണിക്കുന്നു.
കൂടാതെ എല്ലാ മനുഷ്യരോടും അവരുടെ സാമൂഹികനില
പരിഗണിക്കാതെ സുവിശേഷം പ്രസംഗിക്കുവാൻ സാധിക്കണം.
സുവിശേഷ പ്രഘോഷണം കുറച്ചുപേർക്ക് മാത്രമായി സംവരണം
ചെയ്യപ്പെട്ടിട്ടില്ലയെന്നും മറിച്ച് ഒരുവൻ ക്രിസ്തുവിലായാൽ അവന്
അതിന് യോഗ്യതയുണ്ട് എന്നും മോർ യാക്കോബ് പഠിപ്പിക്കുന്നു.
സഭയുടെ ഒഴിച്ചുകൂട്ടാനാകാത്ത ബാധ്യതയാണ്
സുവിശേഷവത്കരണം.
മനുഷ്യരാശിയുടെ ഉന്മൂലനം ലക്ഷ്യമിട്ട് പാപം ലോകത്ത്
പെരുകുകയും മനുഷ്യരാശിയെ നശിപ്പിക്കുകയും ചെയ്യുക
എന്നതാണ് പൈശാചിക ലക്ഷ്യം. ആ ലക്ഷ്യത്തെ മറികടക്കുക
എന്നതാണ് സുവിശേഷവത്കരണത്തിലൂടെ സഭ ചെയ്യേണ്ടത്.
ദൈവവചനം എല്ലാവരുടെയും രക്ഷയ്ക്കു വേണ്ടിയിട്ടുള്ളതാണ്.
മനുഷ്യത്വത്തെ വീണ്ടെടുക്കാനും, അതിന്റെ ശരിയായ
വാസസ്ഥലമായ ഏദൻ തോട്ടത്തിലേക്ക് തിരികെ
കൊണ്ടുപോകുവാനും സുവിശേഷീകരണത്തിലൂടെ സാധിക്കണം.
കൂടെയുള്ള 99 ആടുകളെയും വിട്ടിട്ട് ആ ഇടയൻ നഷ്ട്ടപ്പെട്ടുപോയ
ഒന്നിന് വേണ്ടിയിട്ട് അലയുന്നു. നഷ്ട്ടപ്പെട്ടതിനെ തിരിച്ചു
കൊണ്ടുവരലായിരിക്കണം സുവിശേഷീകരണം എന്നദ്ദേഹം കാണിച്ചു
തരുന്നു. യേശു തന്റെ വാക്കുകളാലും പ്രവർത്തികളാലും
പാപത്തിന്റെ ഉറച്ച പിടിയിൽനിന്ന് ദുരിതബാധിതരെ
മോചിപ്പിക്കുന്നു. സഭയെ ജീവൻ നൽകുന്ന മത്സ്യബന്ധനമാക്കി മാറ്റി
സുവിശേഷത്തിലുടനീളം കാണുന്ന ഓരോ സംഭവങ്ങളെയും
ചൂണ്ടയായിട്ട് കണക്കാക്കുന്നു. ഒരുപാട് ഉള്ളിടത്ത് വലയെറിഞ്ഞും
മറ്റുള്ളതിനെ ചൂണ്ടയിട്ടും പിടിക്കുന്നു. ഫലത്തിൽ ഒന്നും
നഷ്ട്ടപ്പെടാതിരിക്കണം. ഇതായിരിക്കണം
സുവിശേഷവത്കരണത്തിന്റെ കാതൽ എന്ന് മോർ യാക്കോബിന്റെ
എഴുത്തുകളിൽ കാണുവാൻ കഴിയുന്നു.
മത്സ്യബന്ധനത്തിലൂടെ നൽകുന്ന ചിന്തയെന്ന് പറയുന്നത് :-
മുക്കുവൻ മത്സ്യം പിടിക്കുമ്പോൾ അതു കരയിലേക്കെത്തിക്കുമ്പോൾ
തന്നെ ജീവൻ വെടിയുന്നു. പക്ഷേ യേശുക്രിസ്തുവാകുന്ന മുക്കുവൻ
പിടിക്കുമ്പോൾ ജീവൻ നഷ്ടമാകുന്നില്ല എന്നു മാത്രവുമല്ല
നിത്യജീവന്റെ പറുദീസായിലേക്ക് പ്രവേശനം ലഭിക്കുകയും
ചെയ്യുന്നു. ഏദെനിൽ നഷ്ടപ്പെട്ടതിനെ ഗോകുൽത്തായിൽ രക്തബലി
നൽകി വീണ്ടെടുക്കുന്നു. ഇതിനൊരു മറുവശം കൂടിയുണ്ട്.
കർത്താവാകുന്ന മുക്കുവൻ നേരായ വഴിയിലൂടെ മീൻ
പിടിക്കുമ്പോൾ സാത്താനാകുന്ന തന്ത്രശാലിയും വലയുമായി
ഇറങ്ങിയിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് കർത്താവിനെ
സാത്താൻ പരീക്ഷിക്കുന്നത്. വലിയ വലിയ മോഹഭ്രമങ്ങളുമായി
വരുന്ന സാത്താന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ഒരിക്കൽ കുടുങ്ങിയാൽ ആ വല ഭേദിച്ച് രക്ഷപ്പെടുക പ്രയാസം
തന്നെയാണ്. ആയതിനാൽ കർത്താവാകുന്ന മുക്കുവനിലേക്ക് നന്മ
പ്രവർത്തികളിലൂടെ സഭ കടന്നു ചെല്ലണം എന്നും നമുക്കിവിടെ
മനസ്സിലാക്കാം.
പൗരോഹിത്യം.
എബ്രായ ലേഖനം 7:26-28 വരെ ഇപ്രകാരം പറയുന്നു.
ഇങ്ങനെയുള്ള മഹാപുരോഹിതരല്ലോ നമുക്ക് വേണ്ടിയത്.
പവിത്രൻ, നിർദോഷൻ, നിർമലൻ, പാപികളോട് വേറുവിട്ടവൻ,
സ്വർഗത്തേക്കാൾ ഉന്നതനായി തീർന്നവൻ. ആ മഹാ
പുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തം പാപങ്ങൾക്കായും പിന്നെ
ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ
ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നത്താൻ
അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ട് ചെയ്‌തുവല്ലോ. ന്യായപ്രമാണം
ബലഹീന മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു.
ന്യായപ്രമാണത്തിന് പിമ്പുള്ള ആണയുടെ വചനമോ എന്നെയും
തികഞ്ഞവനായി തീർത്ത പുത്രനെ പുരോഹിതനാക്കുന്നു. എബ്രായ
ലേഖനത്തിലുടനീളം പൗരോഹിത്യത്തിന്റെ മഹിമയെക്കുറിച്ച്
വർണിക്കുന്നുണ്ട്. ദൈവത്തിന് സമർപ്പിക്കലാണ് പൗരോഹിത്യം.
ആദ്യ മഹാ പുരോഹിതൻ ശാലേം രാജാവു കൂടിയായിരുന്ന
മൽക്കിസദേക്ക് തന്റെ യജമാനനായ ആ മഹാ പൗരോഹിത്യത്തെ
തിരിച്ചറിഞ്ഞിരുന്നു എന്ന് ഉൽപത്തി പുസ്തകത്തിൽ കാണുവാൻ
കഴിയുന്നു. അപ്പവും വീഞ്ഞുമാകുന്ന യാഗവസ്തുവിൽകൂടി
കാഴ്ചയായി അന്നേ അനാധിയായവന് മുന്നേക്കും മുന്നോടിയായി
അർപ്പിച്ചിരുന്നു. അതിന്റെ സാക്ഷാൽക്കാരം കാൽവരി കുന്നിൽ
പൂർത്തിയായി.
യേശുക്രിസ്തു എന്നേക്കും പുരോഹിതനാണ്. ആ
പൗരോഹിത്യം പക്ഷേ ലേവി പൗരോഹിത്യം പോലെയല്ല. താൻ
തന്നെയായിരുന്നു ബലിവസ്തു. വിശ്വാസപ്രമാണത്തിൽ നാം
ഇപ്രകാരം ചൊല്ലുന്നുണ്ട്. ദൈവത്തിന്റെ ഏകപുത്രനും,
സർവലോകങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനും,
പ്രകാശത്തിൽ നിന്നുള്ള പ്രകാശവും, സത്യദൈവത്തിൽ നിന്നുള്ള
സത്യദൈവവും, സൃഷ്ടിയല്ലാത്തവനും, സാരാംശത്തിൽ പിതാവിനോട്
സമത്വമുള്ളവനും, സകലവും തന്നാൽ നിർമിച്ചവനും….
ഇതിൽനിന്നും സ്പഷ്ട്ടമായി മനസ്സിലാക്കാം. മൽക്കിസദേക്കിന്റെ
മഹാപുരോഹിതനായിരുന്നു കർത്താവെന്ന്. സങ്കീർത്തനം 110:11- ൽ
ദാവീദ് പറയുന്നു, യഹോവ എന്റെ കർത്താവിനോട്
അരുളിചെയ്യുന്നത്, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ
പാദപീഠമാക്കുവോളം നീ എന്റെ വലതു ഭാഗത്തിരിക്ക. അതേ
ദാവീദ് എന്റെ കർത്താവെന്ന് മഹതപ്പെടുത്തിയവൻ അനാദിക്കും
മുൻപേ സാർവത്രിക പുരോഹിതനായിരുന്നു. ആ പുരോഹിതൻ
അർപ്പിച്ച ബലിയിൽ അപ്പവീഞ്ഞുകളെ വാഴ്ത്തി ബലികൾ
പുനർസൃഷ്ടിക്കുമ്പോൾ അതിനെ കർത്താവിന്റെ ശരീരവും
രക്തവുമാക്കി തീർക്കുന്നത് പരിശുദ്ധാത്മാവ് അത്രേ. പുരോഹിതൻ
ഇവിടെ കാർമികൻ മാത്രമാകുന്നു. യെഹസ്കിയേലിനുണ്ടായ
ദർശനം വി.ബലിയെ ദൃഷ്ട്ടാന്തീകരിക്കുന്നു. ബലിപീഠമാകുന്ന
രഥത്തിൽ കത്തുന്ന കനലുകളാണ് വി.കുർബാന. സാമാന്യ ബുദ്ധിക്ക്
നിരക്കാത്ത ചിന്താഗതികളാണ് താനായിരിക്കുന്ന പൗരോഹിത്യ
മഹനീയതയെപ്പറ്റി മോർ യാക്കോബ് പറയുന്നത്.
സഭ പഠിപ്പിക്കുന്നുണ്ട്, ദൈവത്തിന്റെയും ജനത്തിന്റെയും
മദ്ധ്യേ മധ്യസ്ഥനാകുന്നു പുരോഹിതൻ എന്ന്. അതേ,
കർത്താവാകുന്ന മുക്കുവന് വല നിറയ്ക്കാനാവശ്യമായ പരിശീലനം
ലഭിച്ച ജോലിക്കാരെ ആവശ്യമുണ്ട്. തീയാകുന്ന വി.കുർബ്ബാന
പുനരാവിഷ്കരിക്കുന്നവനാണ് പുരോഹിതൻ. കർത്താവ് തന്റെ
കഷ്ടപ്പാടുകൾ, കഷ്ടതകൾ, ബലഹീനത, വിനയം, പീഡിപ്പിക്കപ്പെടൽ,
ക്രൂശു മരണം എന്നിവയിലൂടെ നിർബന്ധിതമില്ലാതെ അവൻ
ലോകത്തെ തന്നിലേക്കാകർഷിച്ചത് പോലെ എളിമയുടെയും,
തന്നെത്തന്നെ സമർപ്പിക്കലിന്റെയും പര്യായമാണ് പൗരോഹിത്യം
എന്ന് മോർ യാക്കോബ് പഠിപ്പിക്കുന്നു.
പരിശുദ്ധ അമ്മയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ.
സെറൂഗിലെ മോർ യാക്കോബിന്റെ മോർ യാക്കോബിന്റെ
എഴുത്തുകളിലൂടെ നമുക്ക് കാണുവാൻ കഴിയും എപ്രകാരമാണ്
അദ്ദേഹം പരിശുദ്ധ മറിയത്തെ സ്നേഹിച്ചിരുന്നത് എന്ന്.
സാധാരണക്കാരിൽ സാധാരണക്കാരിയായിരുന്ന മേരി എന്ന
പെൺകുട്ടിയിൽ നിന്നും പരി.മറിയത്തിലേക്കുള്ള മാറ്റം. തന്റെ
അമ്മയെ, തനിക്കായി തമ്പുരാൻ ഈ ലോകത്തിലേക്ക് വച്ച്
തിരഞ്ഞെടുത്തതായ ഭാഗ്യവതിയായ ആ പെൺകുട്ടിയെ കർത്താവ്
എത്രമാത്രം സ്നേഹിച്ചിരുന്നു:- താഴ്മയിൽ നിന്ന് താഴ്മയിലേക്ക്
തമ്പുരാൻ ഇറങ്ങിവരുമ്പോൾ, സാധാരണ പ്രസവത്തിന്റേതായ
എല്ലാവിധ അസ്വസ്ഥതകളും പരി.അമ്മയും നേരിട്ടിരുന്നു. പക്ഷേ
തന്റെ കന്യാവ്രത മുദ്രക്ക് ഭംഗം നേരിട്ടിട്ടില്ല എന്ന് മോർ
യാക്കോബ് സാക്ഷീകരിക്കുന്നു. അതിന് ഭംഗം
വരണമെന്നുണ്ടായിരുന്നെങ്കിൽ ഈ ലോകത്തിലെ അനേകം
സ്ത്രീകളിൽ ഒരാളെ തമ്പുരാന് തെരഞ്ഞെടുത്താൽ മതിയായിരുന്നു.
സഭ വിശേഷിപ്പിക്കുന്നതും മോർ യാക്കോബിന്റെ
പഠിപ്പിക്കലുകളിൽ നിന്നായിരിക്കാം. “കന്യകയായ
പെണ്ണാട്ടിൻകുട്ടിയെന്ന്” തന്റെ കന്യാത്വത്തിന് ഭംഗം
സൃഷ്ടിക്കപ്പെടാതിരിക്കാൻ വേണ്ടിതന്നെയാണ് യോസഫ് എന്ന
മനുഷ്യനെ പിതാവായ ദൈവം തിരഞ്ഞെടുക്കുന്നത്.
തമ്പുരാൻ തന്റെ നിഗമനങ്ങളിൽ ഇന്നേക്കും ഒന്നും
തെറ്റിയിട്ടില്ലാത്തതിനാൽ സ്തുതി ചൊവ്വാക്കപ്പെട്ട പരിശുദ്ധ സഭ
ദൈവിക പദ്ധതിപ്രകാരം നിലനിന്നു പോരുന്നു എന്ന്
മനസിലാക്കുവാൻ തെളിവുകൾക്കിനിയെന്താവശ്യം. ഇതര
ക്രിസ്ത്യാനി വിഭാഗങ്ങളുടെ പഠിപ്പിക്കലുകളിലേക്കൊന്നും മോർ
യാക്കോബ് തന്റെ ശ്രദ്ധ തിരിച്ചുവിടുന്നില്ല. കാൽവരി
യാഗത്തിന്റെ സമയത്ത് പരി.അമ്മയുടെ ചിന്താഗതികൾ അദ്ദേഹം
വിവരിക്കുന്നുണ്ട്. മകൻ തോളിൽ മരക്കുരിശേന്തുമ്പോൾ അമ്മയുടെ
മനസ്സിൽ ഇതാ വ്യാകുലകുരിശ്. സമർപ്പിതർ ഇരുവരും
കൊലക്കളത്തിലേക്ക് യാത്രയാകുന്നു. പ്രവചനങ്ങൾ സത്യമാകുന്നു.
നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും എന്നുള്ള പ്രവചന
നിവൃത്തി. കുരിശിൽ തറയ്ക്കപ്പെടുവാൻ മകൻ കാൽവരിയിലേക്ക്.
മകന് പകരം മക്കളെ ഏറ്റെടുക്കുവാൻ അമ്മ കുരിശിന്റെ
ചുവട്ടിലേക്ക് യാത്രയാകുന്നു. ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ
വച്ച് തന്റെ കുഞ്ഞ് ഉണ്ണിയെ എടുത്ത് മടിയിൽ വച്ച ആദ്യരാത്രി,
കാൽവരിയിൽ അവനെ മറ്റുള്ളവർ തന്റെ മടിയിലേക്കിറക്കി
കിടത്തിയ അന്ത്യരാത്രി, കാലിത്തൊഴുത്തിൽ ഇളംമേനിയിൽ വീണ
അമ്മയുടെ ബാഷ്പം, കാൽവരിയിൽ അവന്റെ ആഴം കൂടിയ
മുറിവുകളിലേക്കൊഴുകിയെത്തിയ കണ്ണുനീർ ധാര.
കാരിരുമ്പാണികളാൽ മുറിയപ്പെട്ടു കിടക്കുന്ന മകനെ
കാരിരുമ്പിന്റെ ദൃഢതയോടെ കാണേണ്ടി വന്ന അമ്മ. തന്റെ
ഇടയൻ നഷ്ടപ്പെട്ടതിനാൽ ചിതറിപോകാൻ തുനിഞ്ഞ ആടുകളെ
മാർക്കോസിന്റെ മാളികയിൽ കൂട്ടിവരുത്തി കാവലായിരുന്ന
പരി.അമ്മ. മനുഷ്യ ചിന്തകൾക്കപ്പുറം മോർ യാക്കോബ്
പരി.അമ്മയെ സ്നേഹിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ
പഠിപ്പിച്ച സഭാപിതാവാണ് മോർ യാക്കോബ്.
ഉപസംഹാരത്തിലേക്ക് വരുമ്പോൾ സെറൂഗിലെ മോർ
യാക്കോബിന്റെ പഠിപ്പിക്കലുകളും, പ്രാർത്ഥനകളും ഇല്ലാതെ
സുറിയാനി സഭയ്ക്ക് അസ്തിത്വം എന്നൊന്നുണ്ടാകില്ല. ആഗോള
കാതോലിക്ക സഭ പോലും വിശുദ്ധനായി അംഗീകരിച്ചിരിക്കുന്നു.
തക്സാ മുതൽ പ്രാർത്ഥനാ ക്രമീകരണങ്ങളിൽ വരെയും മോർ
യാക്കോബ് ഉജ്വലനായി നിലകൊള്ളുന്നു. ഇദ്ദേഹത്തിന്റെ
പ്രാർഥനകളില്ലാതെ സഭയുടെ ഒരു കൂദാശകളും
പൂർത്തിയാക്കപ്പെടുന്നില്ല. ലളിതവും ആശയ സമ്പുഷ്ടവുമാണ് മോർ
യാക്കോബിന്റെ പഠിപ്പിക്കലുകൾ. എക്യുമെനിക്കൽ സഭകളുടെ
മൊത്തത്തിലായും, പരി. സഭയെ ക്രിസ്ത്യൻ സഭകൾക്ക് മാതാവ്
എന്നും പറയുമ്പോൾ കറയില്ലാതെയും, കളങ്കമില്ലാതെയും നമുക്ക്
മനസ്സിലാക്കാൻ സാധിക്കും അന്ത്യോഖ്യൻ സുറിയാനി സഭയുടെ
പൈതൃകം അ.പ്ര 11:26 ആദ്യം അന്ത്യോഖ്യയിൽ വച്ച്
ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരായി. അതേ, ആ
ക്രിസ്തീയത അവകാശപ്പെടാൻ സുറിയാനി സഭയോളം അർഹത
മറ്റാർക്കും ഇല്ല. അവിടെ നിന്നും പടർന്ന് പന്തലിച്ച് ശിഖരങ്ങളത്രെ
മറ്റുള്ള ക്രൈസ്തവ സഭകൾ.
അതിഗംഭീരനായ വേദശാസ്ത്ര പണ്ഡിതനായിരുന്ന സെറൂഗിലെ
മോർ യാക്കോബ് തന്റെ എഴുത്തുകളിലൂടെ പരിശുദ്ധാത്മ
പ്രേരിതനായി വരും തലമുറയ്ക്കായി തയ്യാറാക്കി വച്ചിരുന്ന
അറിവിന്റെ വൈഡൂര്യങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ.
ഒരു വർഷത്തെ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ മോർ
യാക്കോബിന്റെ ചിന്താധാരകളുടേതായ ഒരു പുതിയ യുഗം
ആരംഭിക്കുകയാണ്. ബൈബിൾ സത്യാന്വേഷികളുടെ, ആത്മീയ
നീരുറവയെ അന്വേഷിച്ച് ദാഹം ശമിപ്പിക്കാനെത്തുന്നവരുടെ
അത്ഭുതമാണ് സെറൂഗിലെ മോർ യാക്കോബ്.
അദ്ദേഹത്തിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളാൽ
വിവരിച്ചാലും ഇനിയുമേറെ പറയുവാനുണ്ട്. കിട്ടിയിടത്തോളം
വായിച്ചു മനസ്സിലാക്കുമ്പോൾ മനസ്സിലാകുന്നു, ഏകാന്തതയുടെ
പ്രണയമെന്നപ്പോൽ അതിഗംഭീരമായ ഒരു ആത്മീയ പ്രണയ
കാവ്യമായി അദ്ദേഹത്തിന്റെ എഴുത്തുകൾ ഹൃദയത്തിലിടം
നേടിയിരിക്കുന്നു. തന്റെ തൂലികയാൽ താൻ അവിസ്മരണീയമായി
ആവിഷ്കരിച്ച ആ പരമ പരിശുദ്ധതയുടെ മടിത്തട്ടിൽ സെറൂഗിലെ
മോർ യാക്കോബ് വിശ്രമം കൊള്ളുമ്പോൾ അദ്ദേഹത്തിന്റെ
പ്രാർത്ഥനകളിലും പഠിപ്പിക്കലുകളിലും നമുക്കും അഭയം
പ്രാപിക്കാം.